എല്ലാം എരിഞ്ഞടങ്ങുന്നു. രഞ്ജിത.... അവരുടെ സ്വപ്നങ്ങള്‍. വീട്ടുകാരുടെ പ്രതീക്ഷകള്‍. എല്ലാം പട്ടടയില്‍ കെട്ടടങ്ങുന്നു... അഹമ്മാദാബാദ് വിമാനദുരന്തത്തിന്റെ രക്തസാക്ഷി. ദിവസങ്ങള്‍ക്കുമുന്‍പ് യാത്ര പറഞ്ഞിറങ്ങിയ വീട്ടിലേക്ക് രഞ്ജിത ഒരിക്കല്‍ക്കൂടി എത്തി. ഈ വീടിന്റെ പണി കൂടി പൂര്‍ത്തിയാക്കാനായിരുന്നു അധ്വാനമത്രയും. ജീവിച്ചിരിക്കുമ്പോള്‍ കഴിഞ്ഞില്ലെങ്കിലും പുതിയ വീടിന്റെ നടുത്തളത്തില്‍ ചേതനയറ്റ് രഞ്ജിത കിടന്നു. അപരിഹാര്യമായ വേദനയുടെ കെട്ടുപൊട്ടിച്ച് കണ്ടുനിന്നവര്‍ പൊട്ടിക്കരഞ്ഞു. രഞ്ജിതയുടെ അമ്മ, പ്രിയപ്പെട്ട മക്കള്‍... പിന്നെ സ്നേഹംമാത്രം നല്‍കിയ ബന്ധുക്കളും നാട്ടുകാരും. അഹമ്മദാബാദില്‍ രാജ്യത്തിന്റെ ഹൃദയനിലച്ച അപകടം ഉണ്ടായി കൃത്യം പന്ത്രണ്ടാംദിവസം. നാടിന്റെ കണ്ണീര്‍പുക്കളേറ്റുവാങ്ങി രഞ്ജിത ഓര്‍മയാകുന്നു. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ മൃതദേഹം രാവിലെ ഏഴുമണിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാത്തതിനെ തുടർന്ന് രഞ്ജിതയുടെ അമ്മയുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ലക്ഷ്യം കണ്ടത്. വിമാനമാര്‍ഗം തലസ്ഥാനത്തെത്തിച്ച മൃതദേഹം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കുടുംബവുമൊത്ത് പുതിയ വീട്ടിൽ താമസം തുടങ്ങാനിരിക്കെയാണ് രഞ്ജിതയുടെ ജീവന്‍ വിമാനദുരന്തം കവർന്നത്. പ്രായമായ അമ്മയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക താങ്ങായിരുന്നു രജ്ഞിത. പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തുമെന്ന് യാത്ര പറഞ്ഞിറങ്ങിയ രഞ്ജിതയുടെ വിയോഗമറിഞ്ഞ് നാട് നടുങ്ങി. ആ നടുക്കത്തില്‍നിന്ന് ഇന്നും കരകയറിയിട്ടില്ല വീട്ടുകാരും നാട്ടുകാരുമെന്ന് തെളിയിക്കുന്നതായിരുന്നു യാത്രാമൊഴി. പഠനത്തിൽ മിടുക്കിയായിരുന്ന രജ്ഞിത കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചത് ഒരുവർഷം മുൻപാണ്. വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ അഞ്ചു വർഷം ലീവ് എടുത്ത് യുകെയിൽ ജോലിക്ക് കയറുകയായിരുന്നു. വീടിന്റെ അവസാനവട്ട ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ ഏര്‍പ്പാട് ചെയ്താണ് രഞ്ജിത വിമാനം കയറിയത്. സൗമ്യമായ പെരുമാറ്റവും ഇടപെടലുകളും രഞ്ജിതയെ നാട്ടുകാര്‍ക്കും പ്രിയങ്കരിയാക്കി. വേര്‍പാട് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. അപകട വിവരമറിഞ്ഞപ്പോഴും രഞ്ജിത രക്ഷപ്പെട്ട് മടങ്ങി വരുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബും പ്രിയപ്പെട്ടവരും. അതുണ്ടായില്ല. പന്ത്രണ്ടാംദിവസം രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ തേങ്ങുകയായിരുന്നു നാട്.

വീടെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയ രഞ്ജിതയ്ക്ക് അന്ത്യവിശ്രമത്തിനിടം ഒരുങ്ങിയതും പണിപൂർത്തിയാകാത്ത അതേ വീട്ടുമുറ്റത്താണ്. അവിടെ രഞ്ജിതയുടെ അമ്മ തുളസിയും മക്കൾ ഇതിഗയും ഇന്ദുചൂഡനും കരച്ചിലടക്കാനാകാതെ പകച്ചിരുന്നു. പ്രതീക്ഷയുടെ ഏകവഴി അടഞ്ഞിരിക്കുന്നു. രഞ്ജിത സമ്മാനിച്ചതൊക്കെയും നല്ല ഓര്‍മകള്‍ മാത്രമെന്ന് പരിചയമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. മക്കള്‍ക്കും അര്‍ബുദ രോഗിയായ അമ്മയ്ക്കും ഒപ്പം ഈ നാടുണ്ട്. ജനനായകരും.