നിലമ്പൂരില്‍ സമരസമയമാണ്. സമരത്തിനാകട്ടെ പതിവിലും ആവേശം കൂടുതലാണ്. കാരണം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഓളമാണ് ചുറ്റും. ആവശ്യം നേടിയെടുക്കുക എന്നതിനപ്പുറം തിരഞ്ഞെടുപ്പ് നേട്ടമാണ് ഈ സമരങ്ങളുടെ പൊതുലക്ഷ്യമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് നന്നായി അറിയാം. പക്ഷെ, നാടിനെ ആഴത്തില്‍വേദനിപ്പിച്ച ഒരു കുട്ടിയുടെ ചിതയുടെ പുകച്ചുരുളുകള്‍ക്കിടയില്‍നിന്നാണ് പാര്‍ട്ടികള്‍ മുഷ്ടിചുരുട്ടുന്നത്. അവന്‍ പാടിയ പാട്ടിനെ ഉറക്കെ തോല്‍പ്പിക്കുംവിധമാണ് ഓരോ മുദ്രാവാക്യം വിളിയും. നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ അനന്തു മരിച്ചത് പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ്. നായാട്ടിനായി കെണിവച്ചയാളെ പൊലീസ് പിടികൂടി. ആ മരണം രാഷ്ട്രീയവല്‍ക്കരിക്കരുത്. എല്ലാവര്‍ക്കും ബാധകമാണത്. അതിന്റെ മുകളില്‍ ബാലിശമായ ആരോപണങ്ങളുയര്‍ത്തുകയുമരുത്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒട്ടും ചേര്‍ന്ന പണിയല്ലത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് നിലമ്പൂര്‍ വഴിക്കടവില്‍ അത്യാഹിതം സംഭവിക്കുന്നത്. നാട്ടുകാരനായ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വെള്ളക്കെട്ട ആമാടന്‍ സുരേഷിന്റെയും ശോഭയുടെയും മകന്‍. മണിമൂളി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി. നാട്ടുകാര്‍ക്ക് ജിത്തുവായിരുന്നു അവന്‍. ഉല്‍സാഹത്തോടെ എല്ലാവരോടും മിണ്ടുന്ന അവരുടെ ജിത്തു. വീടിന്റെ നാനൂറുമീറ്റര്‍ മാത്രം അകലെയുള്ള തോട്ടില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് അനന്തുവിന് ഷോക്കേല്‍ക്കുന്നത്. അച്ഛന്റെ സഹോദരന്മാരുടെ മക്കളായ യദുവും ഷാനുവും അനന്തുവിനൊപ്പം ഉണ്ടായിരുന്നു. അവര്‍ക്കും ഷോക്കേറ്റു. അനന്തു മരണത്തിന് കീഴടങ്ങി. കാട്ടുപന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കെണിയിൽ 15കാരൻ അനന്ദു പെട്ടുപോയി. വിനീഷ് എന്നയാളായിരുന്നു കെണിവച്ചത്. വന്യമൃഗങ്ങളെ കെണിവെച്ച് പിടിച്ച് മാംസം വില്പന നടത്തിയാണ് ഇയാള്‍ ജീവിച്ചിരുന്നത്.