സൂര്യാസ്തമയത്തിന് രണ്ടുമണിക്കൂറോളം ബാക്കിയുണ്ട്. കോഴിക്കോട്ട് നഗരഹൃദയത്തില്‍ ഇരുട്ടുപകര്‍ന്നത് പെട്ടെന്നായിരുന്നു. ജനം പരിഭ്രാന്തരായി. എന്താണ് സംഭവിക്കുന്നത്. തീ പിടുത്തമാണ്. ഞൊടിയിടകൊണ്ട് തീ പടര്‍ന്നു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സില്‍നിന്നാണ് തീ ഉയര്‍ന്നത്. മൂന്നുനിലക്കെട്ടിടമാണ്. നാലുഭാഗവും ഏതാണ്ട് കെട്ടിയടച്ച കെട്ടിടം. ഗോഡൗണിലേക്ക് തീ പടര്‍ന്നു. ആകെ പുക. സ്ഥലത്ത് ഭീതിയുടെ നിമിഷങ്ങള്‍. ഗോഡൗണും തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. പുതിയ ബസ്റ്റാന്‍ഡിന് മുന്നിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ആളുകളെ ഒഴിപ്പിക്കുകയും സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ പൂര്‍ണമായും മാറ്റുകയും ചെയ്തു. പക്ഷേ, തീ അണയ്ക്കാനുള്ള ശ്രമം പാളിക്കൊണ്ടിരുന്നു. സ്ഥാപനത്തിന്‍റെ ഫൈബര്‍ ഗ്ലാസുകളും ചുമരുകളും മണ്ണുമാന്ത്രിയെന്ത്രം ഉപയോഗിച്ച് തകര്‍ത്ത ശേഷമാണ് ഉള്ളിലേയ്ക്ക് വെള്ളം ചീറ്റാനായത്. തീ നിയന്ത്രണവിധേയമാക്കാനെടുത്ത സമയമാകട്ടെ അഞ്ചൂമണിക്കൂര്‍. ഇത്രയും വലിയ തീപിടുത്തത്തിന് എന്താണ് കാരണം ? ആദ്യമണിക്കൂറില്‍ തീ അണയ്ക്കുന്നതില്‍ വീഴ്ചയുണ്ടായോ ? ബസ് സ്റ്റാന്റ് പരിസരത്തെ വലിയ കെട്ടിടം പ്രവര്‍ത്തിച്ചത് നിയമാനുസൃതമായിരുന്നില്ലേ ? കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമാണം തീ ആളി പടരാൻ കാരണമായോ ? കോടികളുടെ നഷ്ടക്കണക്കിന്റെ യാഥാര്‍ഥ്യമെന്ത് ? ഗുരുതരമായ അനാസ്ഥയ്ക്ക് ആരാണ് ഉത്തരവാദി ? തീ കെട്ടുകഴിഞ്ഞു. പക്ഷേ, വിവാദങ്ങള്‍ പുകയുകയാണ്. കോഴിക്കോട് കോര്‍പറേഷന് ആശ്വസിക്കാന്‍ ഒറ്റ വകുപ്പേയുള്ളൂ– ആളപായമില്ല. നഗരത്തെ നടുക്കിയ തീപിടുത്തത്തില്‍ ഒരാള്‍ക്കുപോലും ചെറിയ അത്യാഹിതം പോലും സംഭവിക്കാത്തതില്‍ സമാധാനിക്കാം. പക്ഷേ, അധികൃതരുടെ ഗുരുതരമായ അനാസ്ഥയിലേക്കാണ് കോഴിക്കോട്ടെ തീ വെളിച്ചം വീശുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം മണിക്കൂറിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലർച്ചെ മൂന്ന് മണിക്കാണ് പൂർണമായും കെടുത്തിയത് .കരിപ്പൂർ വിമാനത്താവളത്തിലെ ക്രാഷ് ടെഡറും ടോപ് പമ്പിംങ്ങുമാണ് തീ കെടുത്താൻ സഹായകരമായത്. ഒന്നാം നിലയിലെ ഷോർട്ട് സർക്യൂട്ട് തീയുണ്ടാകാൻ കാരണമായി എന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന വേണം. എന്നാൽ ഇത്രയും തീ പടരാൻ കാരണം അനാസ്ഥയാണെന്ന് പറയാന്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല. പ്രതിമാസ വാടക പിരിക്കുന്ന ഉല്‍സാഹത്തിന്റെ പകുതിയെങ്കിലും നാട്ടുകാരുടെ സുരക്ഷയ്ക്ക് വേണ്ടി മാറ്റിവയ്ക്കണം.