ശ്യാമിലി എന്ന യുവ അഭിഭാഷകയുടെ മുഖത്തേറ്റ പാട് കണ്ട് കേരളം ഞെട്ടിയത് കഴിഞ്ഞദിവസമാണ്. ശ്യാമിലിയുടെ മുഖത്ത് കല്ലിച്ചുകിടന്നത് ഒരു ക്രൂരകൃത്യത്തിന്റ തെളിവ്. വക്കീല്‍ ഭാഷയില്‍ പറഞ്ഞാല്‍ സോളിഡ് കോണ്‍ക്രീറ്റ് എവിഡന്‍സ് ! സീനിയര്‍ വക്കീലിന് ഇത്തവണ കോടതിയില്‍ പ്രതിയുടെ വേഷമായിരുന്നു. സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച വില്ലന്റെ റോള്‍. പൂജപ്പുര ജില്ലാ ജെയിലിലേക്ക് ബെയിലിനെ കൊണ്ടുപോകുമ്പോള്‍ ശ്യാമിലി, മാത്രമായിരിക്കില്ല ആശ്വസിച്ചിട്ടുണ്ടാവുക. കാരണം ബെയിലിന്‍ ദാസിന്റെ മര്‍ദ്ദനമേല്‍ക്കുന്ന ആദ്യത്തെയാളല്ല ശ്യാമിലി. ഇയാള്‍ നേരത്തെയും ജൂനിയർ അഭിഭാഷകയെ മർദ്ദിച്ചിട്ടുണ്ട്. അന്ന് ക്ഷമ പറഞ്ഞു ഒത്തുതീർപ്പാക്കുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്റെ ക്രൂരതയ്ക്ക് ഇരയായതിന്റെ ആഘാതത്തില്‍നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് ശ്യാമിലി. ബെയിലിന്‍ ദാസിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടത് ശ്യാമിലി എന്ന ജൂനിയര്‍ അഭിഭാഷകയുടെ മാത്രം ആവശ്യമല്ല. തലപ്പത്തുള്ളവരുടെ അനാവശ്യ ഇടപെടലില്‍ അഭിമാനക്ഷതമേല്‍ക്കുന്ന സര്‍വരുടെയും ആവശ്യമാണ്. ആ ശിക്ഷ, അധികാരശ്രേണിയുടെ തലപ്പത്ത് നിന്ന് സകലതോന്ന്യാസങ്ങളും കാണിക്കുന്ന സീനിയര്‍മാര്‍ക്കുള്ള മുന്നറിയിപ്പുമാകണം.