നാട്ടുകാര്‍ക്കെല്ലാം സുപരിചതനായ വ്യവസായി വിജയകുമാറിനും ഭാര്യ മീരയ്ക്കും എന്താണ് സംഭവിച്ചത് ? കോട്ടയത്തെ പൗരപ്രമുഖന്‍, ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്‍റെ ഉടമ. നഗരത്തോട് ചേര്‍ന്നുള്ള തിരുവാതുക്കലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇരുനിലവീട്. ചുറ്റും എട്ടടിപ്പൊക്കത്തില്‍ മതില്‍. കണ്ണെത്തുന്നിടങ്ങളിലൊക്കെയും സിസിടിവി.
വീട്ടില്‍ കാവല്‍ നായ. സുരക്ഷ മറികടന്ന് അകത്തെത്തിയ പ്രതി ദമ്പതികളെ ക്രൂരമായി കൊല്ലപ്പെടുത്തി. കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ക്രൂരമായ ഇരട്ടക്കൊലയുടെ വിവരം പുറത്തുവന്ന നിമിഷം തിരുവാതുക്കലിലെ വീട്ടിലേക്ക് ജനമൊഴുകി.
കുടുംബത്തെ അടുത്തറിയാവുന്നവരുടെ മുഖത്ത് നടുക്കം. പൊലീസും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെ സംഭവസ്ഥലത്തെത്തി. വിജയകുമാറിന്‍റെ വീട്ടിലെ ജോലിക്കാരി രാവിലെഎട്ടരയോടെ എത്തുമ്പോള്‍ മുന്‍വാതില്‍ തുറന്ന നിലയില്‍. ഉള്ളില്‍ കയറിയപ്പോള്‍ ആദ്യം കണ്ടത് സ്വീകരണമുറിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന വിജയകുമാറിനെ. തൊട്ടടുത്ത മുറിയില്‍ മീരയും മരിച്ചുകിടക്കുന്നു. ജോലിക്കാരി ഉടന്‍തന്നെ വിവരം കൗണ്‍സിലറെ വിളിച്ചറിയിച്ചു.
മൃതദേഹത്തിലെ ഉള്‍പ്പെടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണശ്രമമല്ലെന്നാണ് നിഗമനം. വിജയകുമാറിന്‍റെയും മീരയുടെയും മകന്‍ ഗൗതം 2017 ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. തെള്ളകം റെയില്‍വേ ട്രാക്കിന് സമീപത്ത് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . ആത്മഹത്യയെന്നാണ് പൊലീസ് പറഞ്ഞത്. ഈ കേസില്‍ വിജയകുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആ കേസുമായി ദമ്പതികളുടെ കൊലപാതകത്തിന് ബന്ധമുണ്ടോ ?