കൊല്ലം ഉളിയക്കോവിലില്‍ ഫെബിന്‍ എന്ന വിദ്യാര്‍ഥിയെ കത്തികൊണ്ട് കുത്തിക്കൊന്നത് നീണ്ടകര സ്വദേശി തേജസ് രാജ്.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയെകുറിച്ചും കൊന്നശേഷം ആത്മഹത്യ ചെയ്ത യുവാവിനെകുറിച്ചും ആര്‍ക്കും മോശം പറയാനില്ല. മാത്രമല്ല നല്ലതേ പറയാനുമുള്ളൂ. എന്നിട്ടും എന്താണ് സംഭവിച്ചത്. വിദ്യാഭ്യാസത്തിന്റെ കുറവില്ല രണ്ടുപേര്‍ക്കും. ജീവിതസാഹചര്യവും മോശമല്ല. സമീപകാലത്ത് കണ്ട ലഹരിയുടെ കാര്യമൊന്നും പറയാനേയില്ല. വിദ്യാര്‍ഥി ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു– ഈ വാര്‍ത്തവന്ന് മിനുട്ടുകള്‍ക്കകം മറ്റൊരുവാര്‍ത്ത കൂടിയെത്തി കൊല്ലത്തുനിന്ന്, ട്രെയിനിനുമുന്നില്‍ച്ചാടി യുവാവ് ആത്മഹത്യ ചെയ്തു. രണ്ടു ബ്രേക്കിങ് ന്യൂസുകളും ഒരൊറ്റ ബ്രേക്കിങ് ന്യൂസായി മാറി, നിമിഷനേരംകൊണ്ട്. കൊന്നയാള്‍തന്നെയാണ് ആത്മഹത്യചെയ്തത്. വഴിയെ കൊലയുടെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞു. പകയാണ് കൊലയ്ക്ക് കാരണം. പ്രണയപ്രക. എന്തായിരുന്നു പകയുടെ പിന്നാമ്പുറം?.
കൊലയ്ക്ക് തൊട്ടുപിന്നാലെ ഫെബിന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റുവീഴുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ അവ്യക്തമെങ്കിലും ഒരു ജീവന്റെ ഒരു മരണപ്പിടച്ചില്‍ അതിലുണ്ടായിരുന്നു, വ്യക്തമായി. ആരുടെയോ നിലവിളി കേട്ട് വീണിടത്തേക്ക് ആളുകള്‍ ഓടിയെത്തുന്നതും കാണാം.
കൊലയ്ക്ക് പിന്നാലെ പ്രതി തേജസ് രാജ് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി. കടപ്പാക്കടയിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം ഒരു കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ബിടെക് ബിരുദധാരിയായ തേജസ് മല്‍സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനിടെയാണ് ഈ കടുംകൈ ചെയ്തത്.
ഇതെന്ത് വൈബ് എന്നൊരു ചോദ്യം കൊല്ലം ഉളിയക്കോവിലിലുണ്ടായ രണ്ടുമരണങ്ങളിലും ഉയരേണ്ടതുണ്ട്. പ്രണയനൈരാശ്യം എങ്ങനെ ഒരാളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു ? കുറ്റകൃത്യത്തിനുപിന്നാലെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ് പ്രതി ചെയ്തത്. സമാനസംഭവങ്ങള്‍ സംസ്ഥാനത്ത് കൂടുവരുന്ന കാഴ്ചയാണ്. ആത്മഹത്യയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരായി സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ നടക്കുന്ന ബോധവല്‍ക്കരണമൊന്നും നമ്മുടെ യുവതയെ ഒട്ടും സ്വാധീനിക്കുന്നില്ലേ ? പ്രണയപരാജയം ജീവിതപരാജയമല്ലെന്ന ചിന്ത അവരില്‍ എന്തുകൊണ്ട് ഉടലെടുക്കുന്നതേയില്ല. ജീവിതത്തിന്റെ യഥാര്‍ഥ വൈബ് എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല. ചെറിയ പ്രതിസന്ധികളെ പോലും മറികടക്കാനാകാതെ തോറ്റുപോകുന്ന അവസ്ഥയില്‍നിന്ന് അവരെ കരകയറ്റാനും വേണം കൂട്ടായ ശ്രമങ്ങള്‍.