ഭൂമിയിലെ ഏറ്റവും വലിയ ക്രൂരത ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ കൊല്ലുന്നതാണ്. ക്രൂരമായി വേദനപ്പിച്ചും അപഹസിപ്പിച്ചും ഒരു മനുഷ്യനെ ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കൊല്ലാക്കൊലയാണ്. അതും വിദ്യാര്‍ഥികളായിരിക്കെ... എങ്ങനെയാണ് മനുഷ്യന് ഇത്രേം ക്രൂരനാകാന്‍ സാധിക്കുന്നത്?
കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ ക്രൂരമായ റാഗിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു മനോരമ ന്യൂസ്. കോളജ് ഹോസ്റ്റലില്‍ പരാതിക്കാരനെ കയ്യും കാലും കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തുന്നു. മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നു. എന്നിട്ടും ഹരവും അരിശവും കയറി സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ കണ്ടതിനേക്കാള്‍ അതിക്രൂരമായ ദൃശ്യങ്ങളുണ്ട് ഇതില്‍. ഈ ദൃശ്യങ്ങള്‍ കാണുന്നതും സംപ്രേഷണം ചെയ്യുന്നതും ഞങ്ങളുടെയും നിങ്ങളുടെയും മനസ്സിനെ ഒരേപോലെ മുറിപ്പെടുത്തുന്ന കാര്യമായതിനാല്‍ അത് ഒഴിവാക്കുകയാണ്. ഇനി ഇത്തരം ക്രൂരതകള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കരുതെന്ന ഉറച്ച ചിന്ത ഉണ്ടാകാന്‍ വേണ്ടി മാത്രമാണ് ഈ വാര്‍ത്ത നല്‍കാന്‍ തീരുമാനിച്ചത്.
കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ റാഗിങ് പരാതിയെന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്.
കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു പൊലീസ്.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. മൂന്നുമാസത്തോളം റാഗിങ് നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചതായും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുക്കുകയും വാര്‍ത്ത മാധ്യമങ്ങള്‍ വരികയും ചെയ്തതോടെ അഞ്ച് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
പിന്നാലെ കോളജിലെ ഒന്നാംവർഷ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത ആ സീനിയർ വിദ്യാർഥികൾ അറസ്റ്റിലായി. മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് പുറത്തുവന്നത് ക്രൂരതകളുടെ വിറങ്ങലിപ്പിക്കുന്ന കഥയാണ്.
സമാനതകളില്ലാത്ത ക്രൂരതയാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിൽ നടന്നത്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. പരാതിക്കാരായ വിദ്യാർഥികളെ ഹോസ്റ്റൽ മുറിക്കുള്ളിൽ കട്ടിലിൽ കിടത്തി കയ്യും കാലും കെട്ടിയിട്ട് ശരീരത്തിൽ കോമ്പസ് ഉപയോഗിച്ച് തുടർച്ചയായി കുത്തി. സ്വകാര്യഭാഗത്ത് ഡമ്പലുകൾ എടുത്തിട്ട് പരുക്കേൽപ്പിച്ചു. വേദനയിൽ കരഞ്ഞവരുടെ വായിൽ ലോഷൻ ഒഴിച്ചു. എല്ലാം ദൃശ്യങ്ങളിൽ പകർത്തി. ഭീഷണിയായതോടെ വിദ്യാർഥികൾ വിവരം വീട്ടിൽ പോലും പറഞ്ഞില്ല.
സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ എല്ലാ ശനിയാഴ്ചയും ജൂനിയർ വിദ്യാർത്ഥികൾ 800 രൂപ വീതം നൽകണം. അതിക്രമം സഹിക്ക വയ്യാതെ വന്നതോടെ ആറ് വിദ്യാർഥികൾ കോളജിലെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകി. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമൂവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവരാണ് പ്രതികൾ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റകൃത്യം സമ്മതിച്ചു. തുടര്‍ന്നാണ് കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രമെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന നിഗമനത്തിലാണ് ഗാന്ധിനഗർ പൊലീസിന്റെ വിശദമായ അന്വേഷണം തുടങ്ങുന്നത്..നഴ്സിങ് കോളജിന്റെ ഹോസ്റ്റൽ റാഗിങ് കേന്ദ്രമായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നവംബർ മാസം മുതൽ ക്രൂരമായ പീഡനത്തിനിരയായ വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയത് പൊലീസിന്റെ സംശയങ്ങളെ ബലപ്പെടുത്തി..പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്കുണ്ടായിരുന്നു.സമാന കുറ്റകൃത്യം ചെയ്ത പിടിക്കപ്പെടാത്ത വിദ്യാർഥികളുണ്ടോയെന്നാകും ആദ്യ അന്വേഷണം.. ഇതിനായി ഒന്നാം വർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനിക്കുക..
സാമുവൽ,രാഹുൽ, വിവേക്,റിജിൽജിത്ത്, ജീവ എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഹോസ്റ്റൽ മുറിയിൽ ക്രൂര പീഡനം നടക്കുമ്പോൾ വിദ്യാർഥികൾ ഉറക്കെ കരഞ്ഞെങ്കിലും തൊട്ടടുത്ത മുറിയിലെ അസിസ്റ്റന്റ് വാർഡൻ കേട്ടില്ലെന്ന മൊഴി വിശദമായി പരിശോധിക്കും. വിഷയം പഠിക്കാനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോളജിന്റെ റാഗിങ് വിരുദ്ധ പ്രവർത്തനങ്ങൾ ഉടച്ചുവാർക്കാനും തീരുമാനമുണ്ട്..ക്രൂരപീഡനത്തിന്റെ പ്രതികൾ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. തെളിവുകളടങ്ങിയ അഞ്ചുപേരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയച്ചു.
റാഗിങ്ങില്‍ പ്രതികളില്‍ ഒരാളായ രാഹുല്‍ ഒരു നഴ്സിങ് സ്റ്റുഡന്‍റ്സ് യൂണിയന്റെ സംസ്ഥാന നേതാവെന്ന് പൊലീസ്. റാഗിങ്ങില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് അന്വേഷിക്കുമെന്നും നഴ്സിങ് കോളജ് അധികൃതരുടെ മൊഴികള്‍ പരിശോധിക്കുമെന്നും എസ്.പി. വ്യക്തമാക്കി.
എത്രയൊക്കെ നമ്മള്‍ ഒരു സമൂഹമായി പുരോഗമിച്ചു എന്ന ചോദ്യമാണ് ഇവിടെ ഉയരേണ്ടത്. പ്രാകൃതമാണ് റാഗിങ്. ഈ കാലത്തും അതിനെ മറികടക്കാന്‍ നമുക്കെന്തുകൊണ്ടാണ് സാധിക്കാത്തത്. കോളജ് ക്യാംപസുകളില്‍ റാഗിങ് നിയമം വഴി നിരോധിച്ചിട്ടും കാലമേറെയായി. ആന്‍റി റാഗിങ് സെല്ലുകള്‍ കോളജുകളിലുണ്ടായിട്ടും സീനിയറാവുന്ന ഒരു വിദ്യാര്‍ഥി എന്തുകൊണ്ടാണ് മാനസികമായി വളരെ ജൂനിയറായിപ്പോവുന്നത്? മനശാസ്ത്രപരമായും ഇതിനെ സമീപിക്കേണ്ടതില്ലേ? മനുഷ്യന്‍ മനുഷ്യനുമേല്‍ ചുമത്തുന്ന അധികാരസ്വഭാവത്തിന്‍റെ പ്രകടനം മാത്രമാണോ ഈ റാഗിങ്?
ഒരു വര്‍ഷം മുമ്പാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്‍ ക്രൂരമായ റാഗിങ്ങിന് വിധേയമായി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചത്. അതുണ്ടാക്കിയ പ്രതിഫലനങ്ങള്‍ക്കെന്തേ മറ്റൊരു റാഗിങ് തടയാന്‍ സാധിക്കാത്തത്.
കോഴിക്കോട് MES കോളജില്‍ റാഗിങ് ഇക്കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സംഭവത്തില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജിന്‍റെ ഇടത് കണ്ണിന് പരുക്കേറ്റു. കോളജില്‍ കളര്‍ ഡ്രസ് ഇട്ട് വന്നതിന്‍റെ പേരിലാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. മുഹമ്മദ് മിന്‍ഹാജിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
കൊച്ചിയില്‍ മിഹിര്‍ അഹമ്മദ് എന്ന സ്കൂള്‍ വിദ്യാര്‍ഥി ഫ്ളാറ്റില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യചെയ്തതും സ്കൂളിലെ സഹപാഠികളുടെ റാഗിങ് മൂലമെന്നും പരാതിയുയര്‍ന്നു. അന്വേഷണത്തില്‍ മിഹിര്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമായെന്ന് കണ്ടെത്തലും വന്നു. മിഹിർ അഹമ്മദിന്റെ ആത്മഹത്യയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർസമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ട മന്ത്രി വി. ശിവൻകുട്ടി പ്രതിസ്ഥാനത്തുള്ള രണ്ട് സ്കൂളുകളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മിഹിറിനെ ജെംസ് സ്കൂളിൽഒരു മുറിയിൽ ഇരുത്തി മാനസികമായി പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ശിവന്‍കുട്ടി
ഇതൊക്കെ വലിയവാര്‍ത്തയും പൊതുസമക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിരുന്നാണ് കോട്ടയം ഗവ നഴ്സിങ് കോളജിലെ കൊടുംക്രൂരത പുറത്തുവരുന്നത്. കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി . നിലത്ത് അടിച്ച് വീഴ്ത്തി ഇടതു കൈ ചവിട്ടി ഒടിച്ചു. രണ്ട് എല്ലുകൾ പൊട്ടിയ വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് റെസ്പെക്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ് മകനെ മർദ്ദിക്കുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. കുടുംബത്തിൻറെ പരാതിയിൽ കൊളവല്ലൂർ പൊലീസ് മൊഴി രേഖപ്പെടുത്തി. ഉടനെ കേസെടുക്കും. സീനിയർ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കി