ആനയിലൊതുങ്ങുന്നില്ല ഭീതിയുടെ രൂപങ്ങള്‍. പുലിയും കടുവയും കാട്ടുപന്നിയും കരടിയുമെല്ലാം ജനവാസമേഖലയിലേക്കിറങ്ങിയിട്ടുണ്ട്. ഏതുനിമിഷവും ജീവനുമേല്‍ ചാടിവീഴാം. ഭയം കൂടപ്പിറപ്പാകുന്നു ! ആരാണിവര്‍ക്ക് സംരക്ഷണം നല്‍കുക ? ഒരു ദിവസമെങ്കിലും സധൈര്യം ഉറങ്ങാന്‍ ആരാണിവര്‍ക്ക് കാവല്‍നില്‍ക്കുക?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ കൈകൂപ്പി അപേക്ഷിക്കുകയല്ല, കസേരവിട്ട് പോവുകയാണ് നിങ്ങള്‍ക്ക് നല്ലതെന്ന് ഓര്‍മപ്പെടുത്തുണ്ട് ഈ നാട്ടുകാര്‍. അത് കലക്ടറായാലും മന്ത്രിയായാലും. ഇനി മുഖ്യമന്ത്രി തന്നെയായാലും. അല്ല തുടരുകയാണെങ്കില്‍ പറഞ്ഞുതരണം സര്‍– മനുഷ്യന്‍ എവിടെ ഒളിക്കണം ? മരിച്ചുവീഴുന്നത് മനുഷ്യനാണ്. മൃഗങ്ങളാണ് വേട്ടക്കാര്‍. മനുഷ്യന്‍ വെറും ഇര മാത്രം.അവന്‍ നിരന്തരം നിസ്സഹായനായിപ്പോകുന്ന കാഴ്ചയാണ് വനാതിര്‍ത്തിയിലെങ്ങും. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ ഇവര്‍ക്കിപ്പോള്‍ കാട്ടാനയേക്കാള്‍ ശത്രുപക്ഷത്താണ്. ആപത്തുസമയത്ത് ആനപ്പക തോല്‍ക്കുന്ന സമീപനമാണ് അധികാരികള്‍ക്കെന്ന് ഇവിടുത്തെ മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങിയിട്ട് നാളുകുറച്ചായി.