pooram

മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്നാവശ്യപ്പെട്ടെങ്കിലും അഞ്ചുമാസമായിട്ടും ഒരു റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടില്ല. അങ്ങനെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമൊക്കെ കഴിഞ്ഞ് വൈകീട്ടോടെ എഡിജിപി എം.ആര്‍. അജിത് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭരണകക്ഷിയായ സി.പി.ഐയും പ്രതിപക്ഷവുമെല്ലാം ഉയര്‍ത്തിയ ആരോപണം പൂര്‍ണമായും തള്ളിക്കൊണ്ടാണ് അജിത്കുമാറിന്റെ കണ്ടെത്തലുകള്‍

 

ഗൂഡാലോചന ഇല്ല എന്നതാണ് ഒന്നാമത്തെ പോയിന്റ്. ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണ് പൊലീസോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ  പ്രവര്‍ത്തിച്ചത് എന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും എ.ഡി.ജി.പി വിശദീകരിക്കുന്നു. 

പൊലീസ്, ജില്ലാ ഭരണകൂടം, ദേവസ്വങ്ങള്‍ ഇവരുടെ കയ്യിലായിരുന്നു പൂര്‍ണ നിയന്ത്രണമെന്ന് വിശദീകരിച്ച് ബാഹ്യശക്തികളുടെ ഇടപെടലും  തള്ളിക്കളയുന്നുണ്ട്. ഇതൊക്കെയാണങ്കിലും മുന്‍പൊരിക്കലുമില്ലാത്ത പ്രശ്നങ്ങള്‍ പൂരത്തിലുണ്ടായെന്നും എ.ഡി.ജി.പി സമ്മതിക്കുന്നുണ്ട്. അതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സുരക്ഷാ നടപടികള്‍ കര്‍ശനമാക്കേണ്ടിവന്നത്. രണ്ടാമത്തേത്  കമ്മീഷണറായിരുന്ന അങ്കിത് അശോകനെ ഇടപെടല്‍. പൂരം മുന്നൊരുക്ക യോഗങ്ങള്‍ മുതല്‍ അങ്കിതിന് പാളി. ദേവസ്വങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടപടികള്‍ പ്രഖ്യാപിച്ചു. പൂരദിവസം പരാതികള്‍ ഉയര്‍ന്നപ്പോള്‍ പരിഹരിക്കുകയോ പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയോ ചെയ്തില്ല. പ്രശ്നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചില്ല. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ വിന്യസിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍. 

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭരണപ്രതിപക്ഷനേതാക്കള്‍ പ്രതികരണങ്ങളുമായെത്തി. ത്യശൂർ പൂരം റിപ്പോർട്ടിൽ സി.പി.ഐ നിലപാട്  തള്ളാതെയായിരുന്നു മന്ത്രി കെ. രാജൻ്റെ പ്രതികരണം. പൂരം റിപ്പോർട്ട് സമർപ്പിച്ചു. അതിൽ നടപടി വരും . തൃശൂർ തോൽവിയിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് എന്തായെന്ന് മന്ത്രി മുഹമ്മദ് റിയാസ്  ചോദിച്ചു. 

ഗൂഢാലോചന ഒളിപ്പിച്ച റിപ്പോർട്ടാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിച്ചു. പൂരം അന്വേഷണ റിപ്പോര്‍ട്ടിനെ വാതില്‍പഴുതിലൂടെ എന്ന്  കോളത്തിലെ ലേഖനത്തിലൂടൊണ് സിപിഐ പരിഹസിച്ചിരിക്കുന്നത്.  ആരും കലക്കിയില്ലെങ്കിലു കലങ്ങിയെന്ന് പറയുന്നത് അജിത് തമ്പുരാന്‍റെ കണ്ടുപിടത്തമെന്ന് ലേഖനം പരിഹസിക്കുന്നു.  കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണെ് പൂരമെന്നും ലേഖനത്തില്‍ പറയുന്നു. അജിത്കുമാര്‍ നല്‍കിയത് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ആണെന്നും പൂരം നിയന്ത്രിച്ചത് അജിത്കുമാറാണെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്നും വിമര്‍ശിക്കുന്നു.  സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. 

തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ചത് പോലെ ആറ്റുകാൽ പൊങ്കാല കലക്കി തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ശ്രമം നടന്നേക്കുമെന്ന ആരോപണവുമായി കെ.മുരളീധരൻ. പൂരം കലക്കിയതിലെ റിപ്പോർട്ട് അപഹാസ്യമാണ്. തൃശൂരിൽ പരമ്പരാഗത വോട്ടുകൾ ചോർന്നിട്ടുണ്ടെന്നും അതിന്റെ മെച്ചം ഇടതുപക്ഷത്തിന് കിട്ടിയില്ലെന്നും മുരളി പറഞ്ഞു. 

ENGLISH SUMMARY:

Thrissur Pooram Controversy Puts Kerala Government in Crisis