പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിലെ ആദ്യ നിയമനിര്‍മാണത്തിനായി ചരിത്രപരമായ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. നാളെ ലോക്സഭയും മറ്റന്നാള്‍ രാജ്യസഭയും പാസാക്കുമെന്ന് കണക്കാക്കാം. അതോടെ, ലോക്സഭയിലും എല്ലാ നിയമസഭകളിലും 33 ശതമാനം സ്ത്രീപ്രാധിനിത്യം ഉറപ്പാകും. ഈ വേള പതിമുന്ന് കൊല്ലം മുന്‍പത്തെ ചില ശ്രദ്ദേയ ദൃശ്യങ്ങള്‍ ഓര്‍ത്തുപോകുന്നു.
2010 മാര്‍ച്ച് ഒന്‍പതിന് രാജ്യസഭ വനിത സംവരണബില്‍ പാസാക്കിയപ്പോള്‍ സുഷമാ സ്വരാജും, ബൃന്ദാകാരട്ടും, നജ്മഹെപ്ത്തുള്ളയും അടക്കം ഭരണപ്രതിപക്ഷ വനിതാ അംഗങ്ങള്‍ ഭിന്നതമറന്ന് ആഘോഷിക്കുന്നതാണിത്. അന്ന്, ലോക്സഭയില്‍ ബില്‍ പാസായില്ല. 2010നും മുന്‍പേ തുടങ്ങിയിട്ടുണ്ട് ഈ ചരിത്ര നിയമനിര്‍മാണത്തിനുള്ള ശ്രമം എന്നതും അനുബന്ധ വസ്തുത. ഇങ്ങനെയിരിക്കെ, ഇന്ന് സഭയില്‍ ഈ ബില്‍ എത്തുമ്പോള്‍ തത്വത്തില്‍.. യോജിക്കുമ്പോഴും ബില്‍അവതരിപ്പിച്ച രീതിയിലും അതിന്‍റെ അവകാശി ആര് എന്നതിലും ബിജെപി – പ്രതിപക്ഷ തര്‍ക്കം പ്രകടമായി. ദൈവം ഈ ദൗത്യത്തിനായി തന്നെ നിയോഗിച്ചെന്ന് പ്രധാനമന്ത്രി, കോണ്‍ഗ്രസിന്‍റെ കുഞ്ഞെന്ന് സോണിയാ ഗാന്ധി... പ്രതികരണം കേട്ട് ചര്‍ച്ചയിലേക്ക് കടക്കാം.