മുറത്തിൽ അരിപാറ്റി തുടക്കം; അഭിനയിക്കാതെ ജീവിച്ചു; ആ 'ചിരി' മായുമ്പോൾ

1969.  ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്‍റെ തലേ രാത്രിയില്‍ കായംകുളം രാമപുരം സ്വദേശിനിയായ പെണ്‍കുട്ടി  മാനസികപിരിമുറുക്കം കാരണം തെല്ലും ഉറങ്ങിയില്ല. എനിക്ക് സിനിമ പറ്റില്ല. എന്നെ വിട്ടേക്കൂ എന്ന് അടുത്ത ദിവസം ആ പെണ്‍കുട്ടി സംവിധായകന്‍ കെഎസ് സേതുമാധവനോട്  വിറച്ചുകൊണ്ട് പറഞ്ഞു. നമുക്കെടുത്തു നോക്കാം. ശരിയായാകുന്നില്ലെങ്കില്‍ നീ പൊയ്ക്കൊള്ളൂ എന്ന് സംവിധായകന്‍. മുറത്തില്‍ അരിപാറ്റുന്ന രംഗമായിരുന്നു ആദ്യ ഷോട്ട്. കൂട്ടുകുടുംബം എന്ന ആ സിനിമയില്‍ മാത്രമല്ല പിന്നീടിങ്ങോട്ട് ഒരു സീനിലും ആ പെണ്‍കുട്ടി അഭിനയിച്ചില്ല. പകരം കഥാപാത്രങ്ങളായി ജീവിച്ചു. ക്ലാസിക്കുകളിലും തട്ടുപൊളിപ്പന്‍ പടങ്ങളിലും ലഭിച്ച  വേഷങ്ങളില്‍ തന്‍റേത് എന്ന മുദ്ര ചാര്‍ത്തി.  കൂട്ടുകുടുംബം തീയറ്ററിലെത്തിയപ്പോള്‍  നസീര്‍ സത്യന്‍ ശാരദ ഷീല അടൂര്‍ ഭാസി അടൂര്‍ ഭവാനി എന്നീ പേരുകള്‍ക്കുശേഷം  ലളിത എന്ന് അഭ്രപാളിയില്‍ ഒരു പേര് തെളിഞ്ഞു. അങ്ങനെ ലളിത എന്ന നാടക നടി ചലച്ചിത്ര താരമായി. 

ലളിതക്ക് വീണ്ടും  സിനിമകള്‍ കിട്ടി. ഉദയായുടെ ഒരു സിനിമ തുടങ്ങിയപ്പോള്‍ സ്കീനില്‍ കെപിഎസി ലളിത എന്ന് പേര് തെളിഞ്ഞതുകണ്ട് അഭിനേത്രി ഞെട്ടി. എന്താണ് അങ്ങനെ പേരുകൊടുത്തത് എന്ന് ഉദയായായുടെ ചാക്കോച്ചന്‍ മുതലാളിയോട് നടി ചോദിച്ചു. ഒരുപാട് ലളിതമാരുണ്ട്. നിന്നെ ആളുകള്‍ ഇങ്ങനെ തിരിച്ചറിയട്ട് എന്ന് മറുപടി. അങ്ങനെ കെപിഎസി എന്ന നാടകസമിതി വിട്ടിറങ്ങിയ  ലളിതയെ തേടി വീണ്ടും ആ കെപിഎസി എന്ന നാലുവാക്കുകളെത്തി. പിന്നീട് ആ പേര് പുകള്‍പ്പെറ്റു. വിഡിയോ കാണാം: