മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കൊച്ചി; 'ഓർമ'യിലേക്ക് മടക്കം

കലാജീവിതം ഒരു സാക്ഷര സമൂഹത്തിന് സമര്‍പ്പിച്ച പ്രതിഭാധനയായ അഭിനേത്രി എങ്കക്കാട് ദേശത്തെ ഓര്‍മ്മ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം പതിനൊന്ന് മുപ്പതോടെയാണ് കെ.പി.എ.സി ലളിതയുടെ മൃതദേഹം കൊച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയത്. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.

കെ.പി.എസി ലളിതയില്ലാത്ത കേരളമാണ് ഉറക്കമുണര്‍ന്നത്. മലയാളത്തിന്റെ മഹാനടി വിടവാങ്ങിയതറിഞ്ഞവരെല്ലാം വിങ്ങി. വെള്ളിത്തിരയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ എങ്ങും മുഴങ്ങി. കഴിഞ്ഞ രാത്രിയില്‍ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിലായിരുന്നു ലളിതയുടെ അന്ത്യം. പുലര്‍ച്ചെവരെ അവിടെ പൊതുദര്‍ശനം.  

സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്ക് പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമായി കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെ.പി.എ.സി ലളിതയുടെ  ഓര്‍മകളുമായി മമ്മൂട്ടി  പുലര്‍ച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി. എട്ട് മണിയോടെ ഭൗതിക ദേഹം ലായം ഓഡിറ്റോറിയത്തിലേക്ക്. 

കെ.പി.എസി ലളിതയെ സ്നേഹിച്ചവര്‍ വരി വരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്ക്കൊപ്പമാണ്  പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു.. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്ന് മണിയോടെ മന്ത്രി സജി ചെറിയാന്‍ കെ.പി.എസി ലളിതയ്ക്ക് അന്തിമോപചാരമര്‍പിച്ചു. പിന്നാലെ ഭൗതികദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റി. തൃശൂരിലേക്കുള്ള യാത്രതുടങ്ങി. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. ലളിത മരുമകളായി കയറിച്ചെന്ന വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലേക്ക് വൈകിട്ടോടെ അവസാനമായി കയറി ചെല്ലും. അഞ്ചു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.