ഗൗരി: എഴുതിത്തീരാത്ത ആത്മകഥ; കേരളത്തിന്റെ നായികയ്ക്ക് വിട

വഴിയും വെളിച്ചവുമില്ലാത്ത ഒരു കാലത്ത് ചേർത്തല പട്ടണക്കാട് ഗ്രാമത്തിൽ നിന്നും പുറപ്പെട്ട് ഒറു പന്തംകൊളുത്തി പ്രകടനമായിരുന്നു കെആർ ഗൗരിയമ്മ.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻറെ പ്രതീക്മാവാൻ കെ ആർ ഗൗരിയമ്മയെ പ്രാപ്തയാക്കിയത്അവരുടെ ജീവിത പശ്ചാത്തലമായിരുന്നു.തണലായി മാറിയ പിതാവും വഴികാട്ടിയായ സഹോദരനുമാണ് ഗൗരിയെ നേർവഴി നടത്തിച്ചത്.കനലെരിയുന്ന വഴികളിലൂടെ ഗൗരി നടന്നു നീങ്ങിയതാവട്ടെ കൈരളിയുടെ തിരുമുറ്റത്തേക്കും.

കരപ്രമാണിയായിരുന്ന കളത്തില്‍പറമ്പില്‍ രാമന്‍, ഗുരുവിന്റെ വാക്കുകകളാണ് മകളോടോതിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍..കീഴാളര്‍ക്ക് പൊതുവഴി പോലുമില്ലാതിരുന്ന കാലത്ത് ഗൗരി വിദ്യാഭ്യാസം തുടങ്ങി. രണ്ടരവയസിന് മൂത്ത സഹോദരന്‍ സുകുമാരന്‍ ആയിരുന്നു കൂട്ട്. സുകുമാരന്‍ പഠിച്ചതൊക്കെ ഗൗരിയും പഠിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസുകാരനായ അച്ഛന്റെ മകള്‍ കമ്മ്യൂണിസ്റ്റായത്. 1938ല്‍ എ.കെ.ജി നയിച്ചൊരു വിദ്യാര്‍ഥി റാലിയിലാണ് ഗൗരി ആദ്യമായി പങ്കെടുക്കുന്നത്. പഠനംകഴിഞ്ഞ് ചേര്‍ത്തല കോടതിയില്‍ അഭിഭാഷകയായി. തിരുവിതാംകൂറില്‍ അന്ന് സര്‍ സിപിയുടെ മര്‍ദനമുറകള്‍ ശക്തിപ്പെടുന്ന കാലമാണ്. നേതാക്കള്‍ നോട്ടപ്പുള്ളികളായതോടെ പി.കൃഷ്ണപ്പിള്ളയും ടി.വി തോമസും ഗൗരിയമ്മയുടെ സഹോദരന്‍ സുകുമാരനും ഒളിവിലായി. അങ്ങനെയാണ് പാര്‍ട്ടി അംഗത്വംപോലുമില്ലാതിരുന്ന ഗൗരിയമ്മ യൂണിയന്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഭരണകൂടത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചു.

ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യുമന്ത്രിയായപ്പോള്‍ കുടിയാന്മാരുടെയും കുടികിടപ്പുകാരുടെയും നോവകറ്റാനായിരുന്നു ഗൗരിയുടെ ശ്രമം...കാര്‍ഷിക പരിഷ്കരണനിയമം വഴി കുടുംബസ്വത്തില്‍നിന്ന് 132 ഏക്കര്‍ ഭൂമിയാണ് ഗൗരിയമ്മയ്ക്ക് നഷ്ടമായത്. തൊഴിലിനും പൊതുപ്രവര്‍ത്തനത്തിനുമായി ചേര്‍ത്തലയിലെ വാടകവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയിരുന്നു. അക്കാലത്ത് ഒറ്റയ്ക്കായിരുന്ന മകള്‍ക്ക് കാവല്‍കിടന്ന് കാത്തത് ഗൗരിയമ്മയുടെ പിതാവായിരുന്നു. ആ കരുതലും കാവലും  നവകേരളത്തിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു എന്നത് സ്മരിക്കപ്പെടേണ്ട ചരിത്രം