സ്വതന്ത്ര സിനിമകള്‍ക്ക് പുരസ്കാരം; പുതുവഴിയിലോ മലയാള സിനിമ?

ബിഗ് ബജറ്റ് ചിത്രങ്ങളോടും സൂപ്പര്‍ താരങ്ങളോടും മല്‍സരിച്ച് സ്വതന്ത്ര സിനിമകളും യുവതാരങ്ങളും നേട്ടമുണ്ടാക്കിയ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. സുരാജ് വെഞ്ഞാറമ്മൂടും കനിയും മികച്ച നടനും നടിയുമായി. വാസന്തിയും കെഞ്ചിരയും കുമ്പളങ്ങി നൈറ്റ്സും പുരസ്കാരപ്രഭയില്‍ തിളങ്ങി. 

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം വാസന്തി . നവാഗതരായ റഹ്മാന്‍ സഹോദരങ്ങളാണ് സംവിധാനം ചെയ്തത്. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. ജെല്ലിക്കെട്ടൊരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍ ആയി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായി തിളങ്ങിയ ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനായി. വാസന്തിയിലെ അഭിനയത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. വാസുദേവ് സജീഷ്മാരാര്‍, കാതറിന്‍ബിജി എന്നിവര്‍ക്കാണ് ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം. മികച്ച കഥാകൃത്ത് ഷാഹുല്‍ അലിയാര്‍ ആണ്. ഛായാഗ്രഹകന്‍. പ്രതാപ് പി.നായര്‍. ഷിനോയ്, സജാസ് റഹ്മാന്‍ എന്നിവര്‍ക്കാണ് തിരക്കഥയ്ക്കുളള പുരസ്കാരം. ഗായകന്‍ നജീം അര്‍ഷാദ്, ഗായിക: മധുശ്രീ നാരായണന്‍. നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരം. കുമ്പളങ്ങി നൈറ്റ്സ് ആണ് മികച്ച ജനപ്രിയ ചിത്രം.