എന്നവസാനിക്കും കൊല്ലുന്ന രാഷ്ട്രീയം? ആവർത്തിക്കരുത് അരുംകൊലകൾ

ഉത്രാടരാത്രി പതിനൊന്നര. തിരുവോണനാള്‍ പിറക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി. കോവിഡ് എന്ന മഹാമാരിക്കിടയിലും അല്‍പ്പം ആശ്വാസം പകര്‍ന്നെത്തുന്നു എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിന്‍റെ പ്രത്യേകത. എന്നിട്ടും ആ ദിനത്തെ ചോരയില്‍ മുക്കാന്‍ തെല്ലും  മടിക്കാത്തവരെ കൊലപാതകികള്‍ എന്നുമാത്രം വിളിച്ചാല്‍ പോര. ക്രൂരതയുടെ ആയുധമേന്തിയ ആള്‍രൂപങ്ങള്‍.  തിരുവോണനാളില്‍ സന്തോഷത്തോടെ സമാധാനത്തോടെ കഴിയേണ്ടിയിരുന്ന വീട്ടിലേക്ക് അവരുടെ ചേതനയറ്റ ശരീരങ്ങളെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ, പ്രാദേശിക നേതാക്കളായ മിഥിലാജിന്‍റെയും ഹക്ക്മുഹമ്മദിന്‍റെയും വീട്ടിലുയര്‍ന്ന നിലവിളിയുടെ അലയൊലി ഇപ്പോളും അടങ്ങിയിട്ടില്ല. തിരുവോണനാളില്‍ അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍. കൊല്ലുന്ന രാഷ്ട്രീയത്തിന്‍റെ ഇരകള്‍.

കേരളത്തിന്‍റെ തലസ്ഥാന ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. തിരുവന്തപുരം നഗരത്തില്‍ നിന്ന് ഇരുപത്തിരണ്ടുകിലോമീറ്റര്‍ അകലെ വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. അതും രാത്രിയുടെ മറവില്‍.  dyfi വെമ്പായം തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ മുപ്പതുകാരന്‍ മിഥിലാജ്, ഡിവൈഎഫ്ഐ പേരുമല കലുങ്കിന്‍മുഖം യൂണിറ്റ് സെക്രട്ടറി ഇരുപത്തിനാലുകാരന്‍ ഹഖ്മുഹമ്മദ്. ഇരുവരും രാത്രിയില്‍ ബൈക്കില്‍ പോകുന്നവഴിയാണ് ആക്രമിക്കപ്പെട്ടത്. മിഥിലാജിന് വെമ്പായത്ത് പച്ചക്കറിക്കടയുണ്ട്. ഉത്രാടപ്പാച്ചിലിന്‍റെ തിരക്കായിരുന്നു കടയില്‍. അതിനാല്‍ സുഹൃത്തിനെ സഹായിക്കാന്‍ കടയില്‍ എത്തിയതായിരുന്നു ഹഖ്. കടയടച്ച് പോകുന്ന വഴിക്കാണ് ജീവനെടുക്കാന്‍ ആക്രമികള്‍ പാത്തുനിന്നത്. ബൈക്ക് തലയല്‍ റോഡിലേക്ക് തിരിയുമ്പോള്‍ പിന്നില്‍ നിന്ന് ഇവരെ ആരോ വിളിച്ചു. ചെറുകോണത്തു വീട്ടില്‍ സജീവായിരുന്നു ഇരുട്ടിന്‍റെ മറവില്‍ നിന്ന് ഇവരെ വിളിച്ചത്.  ബൈക്കില്‍ നിന്നിറങ്ങിയ മിഥിലാജിന്‍റെ കഴുത്തില്‍ സജാവ് പിടുത്തമിട്ടു. മിഥ്രാജിനെ രക്ഷിക്കാന്‍ ഹഖ് ഓടിയെത്തി. അപ്പോളേക്കും ഇരുട്ടിന്‍റെ മറവില്‍ നിന്ന് ആറുപേര്‍ ആയുധങ്ങളുമായി ചാടിവീണു. തുടര്‍ന്ന് തലങ്ങും വിലങ്ങും വെട്ടി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷഹിന്‍ ഓടി രക്ഷപെട്ടു. ഷഹിനാണ് ആക്രമണവിവരം പൊലിസില്‍ അറിയിച്ചത്. ഇരുവരെയും വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിഥിലാജിന്‍റെ ഇടനെഞ്ചില് ‍ആഴത്തില്‍ മുറിവേറ്റിരുന്നു. ഹഖിന്‍റെ ശരീരമാസകലം വെട്ടേറ്റു.  മിഥിലാജ് സംഭവസ്ഥലത്തും ഹക്ക്  മെഡിക്കൽകോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ് എഫ് ഐ തേമ്പാമൂട് മേഖല സെക്രട്ടറി ഷഹിന്‍ പൊലീസിന് മൊഴി നൽകി.

രണ്ട് മാസം മുൻപ്  ഇവിടെ  കോൺഗ്രസ് –  സിപിഎം ഏറ്റുമുട്ടൽ നടന്നിരുന്നു. കോണ്‍ഗ്രസുകാരാണ് കൊലപാതകത്തിനുപിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഏഴുപേരെ സംഭവത്തിനു പിന്നാലെ അറസ്റ്റുചെയ്തു ഒരുവര്‍ഷം മുന്‍പ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുസമയത്ത് തുടങ്ങിയ പകയാണ് ഈ രാഷ്ട്രീയ കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പിടിയിലായവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അക്രമിസംഘത്തിലെ  രണ്ടുപേര്‍ കഴിഞ്ഞ മേയ് മാസത്തില്‍ DYFI പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും  ഉന്നതലത്തിലുള്ള ഗൂഡാലോചനയാണ് നടന്നതെന്നും ഡിവൈ.എഫ്.ഐ 

പ്രതികള്‍ക്കും  കൊല്ലപ്പെട്ടവര്‍ക്കും  മുന്‍പരിചയം ഉണ്ടെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു പറഞ്ഞു. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന്  പൊലീസ് എഫ്.ഐ.ആറില്‍ കുറിച്ചു.  ഇരുവരെയും കൊല്ലണമെന്ന ഉദേശത്തോടെ ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നു. ആറുപേരാണ് പ്രതികളെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ രാഷ്ട്രിയവിരോധമാണോ കാരണമെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായി പറയുന്ന സജീവ് ഉള്‍പ്പെടെ രണ്ട് പേര്‍കൂടി പിടിയിലായി. സനലാണ് പിടിയിലായ മറ്റൊരു പ്രതി. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം ഒന്‍പത് ആയി. ഇതില്‍ നാല് പേര്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസ് നിഗമനം.   അക്രമിസംഘം സഞ്ചരിച്ച രണ്ടു ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും കണ്ടെത്തി. 

കൊലപാതകത്തിന് പദ്ധതിയിട്ടവര്‍ സമീപത്തെ ഒരു സിസിടിവി തിരിച്ചുവെച്ചിരുന്നെങ്കിലും  മറ്റൊരു സിസിടിവിയില്‍ അരുംകൊലയുടെ  ദൃശ്യങ്ങള്‍ പതിഞ്ഞു. ആക്രമികളില്‍ നിന്ന രക്ഷപെട്ട ഷഹിന്റെ  മൊഴിയാണ്  മുഖ്യപ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ വലയിലാക്കിയത് . ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടകീയമായാണ് ആസുത്രകനെന്ന് പൊലീസ് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍  ഷിജിത്ത് പിടിയിലായത്. പൊലീ ഇയാളെ പിടികൂടാനെത്തിയപ്പോളേക്ക് സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തടിച്ചുകൂടി.   മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന തൊഴിലായിരുന്നു. കോവിഡ് സീസണായപ്പോൾ പച്ചക്കറി ക്കച്ചവടത്തിലേക്ക് മാറ്റി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്. അല്ല ഇല്ലാതാക്കിയത് ഹഖ് മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു. ഇപ്പോൾ മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്. മാത്രമല്ല ഭാര്യ നാലു മാസം ഗർഭിണിയുമാണ്

സഖാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധം അണപൊട്ടി. തിരുവനന്തപുരം പി എസ് സി ഓഫീസിനു മുമ്പിൽ ഡി വൈ എഫ് ഐ യൂത്ത് കോൺഗ്രസ് തെരുവുയുദ്ധം. പി എസ് സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോർ ഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പട്ടിണി സമരത്തിന്‍റെ സമീപത്തേക്ക്   50 ലേറെ ഡി വൈ എഫ് ഐ പ്രവർത്തകർ ഇരച്ചെത്തിയത്. തുടര്‍ന്ന് തമ്മില്‍ തല്ല്. കല്ലും കസേരകളുമായി ഇരു കൂട്ടരും ഏറ്റുമുട്ടി. മൃതദേഹങ്ങള്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വിലാപയാത്രയായി വെഞ്ഞാറമ്മൂട്ടിലേക്ക്.  നൂറുകണക്കിനുപേര്‍ അന്തോപചാരമര്‍പ്പിച്ചു. രക്തസാക്ഷികള്‍ക്ക് സഖാക്കള്‍ മുഷ്ടിചുരുട്ടി അഭിവാദ്യം നേര്‍ന്നു. മിഥിലാജിനെ വെമ്പായം ഹഖിനെ പേരുമലയിലും ഖബറടക്കി.  രാഷ്ട്രീയ കൊലപാതകമായതിനാല്‍ തിളച്ചുമറിയുകയാണ് ആരോപണ പ്രത്യാരോപണങ്ങള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കായംകുളത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സിയാദിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചപ്പോള്‍ പൊലീസ് കണ്ടെത്തില്‍ മറിച്ചായിരുന്നു. അന്ന് ആ പൊലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ ഇക്കുറി എഫ്ഐആര്‍ വ്യക്തമായി പറയുന്നു പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്ന്. അതുകൊണ്ടുതന്നെ വലതുപക്ഷത്തിന് വെറുതെയങ്ങ് പറഞ്ഞൊഴിയാനാകില്ല.  ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കൊലപാതകത്തിന്  കാരണമായ വിഷയങ്ങളും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.  എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിലും ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോടിയേരി തറപ്പിച്ചു പറയുന്നു.  സമഗ്ര അന്വേഷണം വേണം. ഇരട്ടകൊലപാതകത്തില്‍ കേരളം തലകുനിക്കുന്നുവെന്നും തിരുവോണത്തിന് ചോരപ്പൂക്കളമൊരുക്കിയെന്നും കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു

ഇതോടെ കൊലപാതകത്തെച്ചൊല്ലി ഇടതും വലതും രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടങ്ങി. പിടിയിലായവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്ക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതികൾക്ക് സഹായം നൽകുന്നത് അടൂർ പ്രകാശ് എം.പിയാണന്നതാണ് ഉയരുന്ന മറ്റൊരു ചൂടന്‍ ആരോപണം. ഡിവൈഫ്ഐ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് അടൂര്‍പ്രകാശ് ആരോപണത്തെ നേരിടുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. രഷ്ട്രീയ ഏറ്റുമുട്ടലിനിടയിലും സംഭവത്തിന്‍റെ ഗൂഡാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുതുടങ്ങി. കൊലയിൽ നേരിട്ട് പങ്കുള്ള അൻസാർ ,ഉണ്ണി എന്നിവരെ പിടികൂടുന്നതിനൊപ്പം പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പ്രതികളുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ആരോപണപ്രത്യാരോപണങ്ങള്‍ക്കപ്പുറത്ത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് ഒഴിവാക്കപ്പെടേണ്ട കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ്. ആവര്‍ത്തിക്കരുത് അരുംകൊലകള്‍.