കൊലയിൽ ലക്ഷ്യം എന്തൊക്കെ?; മധുരം പൊതിഞ്ഞ ക്രൂരതയുടെ ചുരുളഴിഞ്ഞു

കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയത് പ്രതി ആൽബിൻ ബെന്നി തനിച്ചാണെന്ന് പൊലീസ്. കുടുംബത്തെ ഇല്ലാതാക്കി സ്വത്ത് കൈക്കലാക്കിയ ശേഷം കാമുകിയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു ആൽബിൻ്റെ പദ്ധതിയെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിയെ അൽപസമയത്തിനകം വീഡിയോ കോൺഫറൻസിലൂടെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ലോക്ഡൗൺ സമയത്തായിരുന്നു സ്വന്തം കുടുംബത്തെ കൊലപ്പെടുത്താനുള്ള  പദ്ധതി ആൽബിൻ എന്ന 22കാരൻ ആസൂത്രണം ചെയ്തത്. കേസിൽ അന്വേഷണം തുടരുമെന്നും കാമുകിക്ക് കൃത്യത്തെക്കുറിച്ച് അറിയാമായിരുന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

പുലർച്ചെ ആൽബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി അതീവ രഹസ്യമായായിരുന്നു തെളിവെടുപ്പ്.

ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. കൃത്യം നടത്താൻ പ്രതി ഉപയോഗിച്ച പാത്രങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോവിഡ് പരിശോധനയിൽ ആൽബിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ മെഡിക്കൽ ഓഫീസർ സ്റ്റേഷനിലെത്തി വൈദ്യ പരിശോധനകൾ പൂർത്തിയാക്കി.

എലിവിഷം വാങ്ങിയ കടയിൽ പ്രതിയെ  എത്തിച്ചില്ല. പിന്നീട് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.ഇളയ സഹോദരി ആനി ബെന്നിയെ ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയാണ്  ആൽബിൻ കൊലപ്പെടുത്തിയത്. തൻ്റെ വഴിവിട്ട ജീവിതത്തിന് തടസമായി നിന്ന കുടുംബാംഗങ്ങളെ ഒന്നടങ്കം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. മകൾക്കൊപ്പം ഐസ്ക്രീം കഴിച്ച പിതാവ് ബെന്നി  ആശുപത്രിയിൽ ചികിത്സയിലാണ്.   കൃത്യമായ ചികിത്സ ലഭിക്കാൻ വൈകിയതാണ് ആനിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്. മഞ്ഞപ്പിത്തമെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ പറഞ്ഞതോടെയാണ് കുടുംബം ആയൂർവേദ ചികിത്സയ്ക്ക് ശ്രമിച്ചത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ മൂർഛിച്ച് ഈ മാസം അഞ്ചിനാണ് അനി മരിച്ചത്. വരും ദിവസങ്ങളിൽ ആൽബിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിക്കും.