ഹാട്രിക് എ.എ.പി

ഡല്‍ഹിയില്‍ ബി.ജെ.പിയെ തറപറ്റിച്ച് തുടര്‍ച്ചയായ മൂന്നാംവട്ടവും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. എഴുപതില്‍ 63 സീറ്റും കേജ്‌രിവാളിന്‍റെ പാര്‍ട്ടി നേടി. പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ജാമിയയും ഷഹീന്‍ബാഗും അടങ്ങുന്ന ഓഖ്‌ല ഉള്‍പ്പെടെയാണിത്. ബി.ജെ.പിയുടെ അക്കൗണ്ട് 

7 ല്‍ ഒതുങ്ങി. 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യമായി. ഇത് ഭാരതത്തിന്‍റെ വിജയമാണെന്നും ഇത് രാജ്യമാകെ കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പ്രതികരിച്ചു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെങ്കില്‍ സംസ്ഥാനത്ത് കേജ്‍രിവാള്‍ മതിയെന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വീണ്ടും വിധിയെഴുതി. ലോക്സഭയില്‍ ഏഴുസീറ്റും ജയിച്ച ബി.െജ.പിക്ക് 2015നു സമാനമായി നിയമസഭ തിരഞ്ഞെടുപ്പില്‍ അടിപതറി.<< വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ചിത്രം വ്യക്തമായിരുന്നു. ഇക്കുറിയും കേജ്‌രിവാള്‍. പൗരത്വനിയമത്തിനും വിദ്വേഷപ്രസംഗങ്ങള്‍ക്കുമല്ല, വീട്ടിലെ കുടിവെള്ളവും വൈദ്യുതിയും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്രയും നടപ്പാക്കിയ കേജ്‍രിവാള്‍ സര്‍ക്കാരിനു തന്നെയായിരുന്നു ഡല്‍ഹിക്കാരുടെ വോട്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാള്‍ നടപ്പാക്കിയവയ്ക്കാണ് വോട്ടെന്ന സന്ദേശമാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നല്‍കിയത്. പൗരത്വനിയമത്തിനെതിരെ ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്ന ഷഹീന്‍ബാഗും ജാമിയയും ഉള്‍പ്പെടുന്ന ഓഖ്‌ലയിലും സീലംപൂരിലും ആം ആദ്മി പാര്‍ട്ടി നേടിയ ജയം ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പായി. ഓഖ്‌ലയില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ എഴുപതുശതമാനവും സിറ്റിങ് എം.എല്‍.എ കൂടിയായ അമാനത്തുള്ള ഖാനായിരുന്നു.

എഴുപതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കാല്‍ക്കാജിയില്‍ ആം ആദ്മി പാര്‍ട്ടിയിലെ അതിഷി പതിനൊന്നായിരത്തിലധികം ജയിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അനായാസജയം നേടിയപ്പോള്‍ കടുത്ത മല്‍സരം നടന്ന പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിജയം മൂവായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമായിരുന്നു. 

ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിക്ക് രാജ്യമെമ്പാടും വളര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാള്‍ പാര്‍ട്ടിആസ്ഥാനത്ത് നടത്തിയ വിജയപ്രസംഗം. ഭാര്യയുടെ ജന്മദിനത്തില്‍ പാര്‍ട്ടിക്കു ലഭിച്ച അത്യുജ്വല വിജയം കേജ്‍രിവാളിനു ഇരട്ടിമധുരമായി. 

കോണ്‍ഗ്രസിന്‍റെ സ്ഥിതി ദയനീയമാണ്. എഴുപതുസീറ്റുകളിലും സമ്പൂര്‍ണപരാജയം. 67 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വമ്പന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിതന്നെയാണ്. ന്യൂനപക്ഷവോട്ടുകള്‍ ചിതറിപ്പോകാത്തതും ആം ആദ്മി പാര്‍ട്ടിയുടെ വിജയകാരണങ്ങളിലൊന്നായി. ഇനിയുള്ള അഞ്ചുവര്‍ഷം കേജ്‌രിവാള്‍ സര്‍ക്കാരില്‍നിന്ന് കൂടുതല്‍ ജനകീയനടപടികള്‍ പ്രതീക്ഷിക്കുകയാണ് ഡല്‍ഹിക്കാര്‍.