മറികടന്നവ‌ര്‍ വഴി നടത്തും; കാൻസറിനെതിരെ തളരാതെ പോരാടാം

ലോകം ഇന്ന് കാന്‍സര്‍ ദിനം ആചരിക്കുകയാണ്. കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ എനിക്കും കഴിയും എന്ന് അര്‍ഥം വരുന്ന 'ഐ ആം ആന്‍ഡ് ഐ വില്‍' എന്ന സന്ദേശത്തോടെ.  മനോരമ ന്യൂസ്  കേരള കാന്‍ ദൗത്യത്തിന്റെ അഞ്ചാം പതിപ്പിന് ഇന്നു തുടക്കമാണ്, 'മറികടന്നവര്‍ വഴിനടത്തും' എന്ന മുദ്രാവാക്യത്തോടെ. ബോധവല്‍കരണം, പ്രതിരോധം, ചികില്‍സാസഹായം, കരുതല്‍ തുടങ്ങിയ സന്ദേശങ്ങളുമായി നാലു പതിപ്പുകള്‍ പിന്നിട്ട ദൗത്യം ഇത്തവണ കാന്‍സര്‍ രോഗത്തെ വെല്ലുവിളിച്ച്, അതിജീവിച്ചവര്‍ക്കൊപ്പം ചേരുകയാണ്. ഈ രോഗത്തിന്റെ വഴിയില്‍ യാത്രതുടങ്ങിയവര്‍ക്ക് കൈത്താങ്ങേകുക എന്ന ഉദ്ദേശ്യത്തോടെ.

ദൗത്യത്തെ പിന്തുണയ്ക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ്. അന്ന അലൂമിനിയം കമ്പനിയും നമ്മളോടൊപ്പം സഹകരിക്കുന്നുണ്ട്. 

ക്യാന്‍സര്‍ എന്ന പേടിെയ ധൈര്യത്തോടെ നേരിടാനും, അതിനെ  അതിജീവിച്ചവരെ സ്നേഹത്തോടെ കരുതാനും, പുതിയ പ്രതീക്ഷകളിലേക്ക് അവരെ കൈപിടിച്ച് നടത്താനും കേരള കാന്‍ എന്ന വലിയ ദൗത്യത്തിന് കഴിഞ്ഞു. അത്തരത്തില്‍ ദൃശ്യ മാധ്യമരംഗത്തെ ഒരു പുതിയ അനുഭവമായി, ചുവട് വെയ്പ്പായി കേരള കാന്‍ മാറി. മൂന്നുകോടിയിലേറെ രൂപ ചികില്‍സ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടുകഴി‍ഞ്ഞു. ഇത്തവണ മുന്‍കരുതലിന്റെ വഴിയിലൂടെയാണ് യാത്ര. 50 ലക്ഷം രൂപയുടെ കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പാവുക. 

ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കാണ് ആ വഴിയേ കടന്നുപോകുന്നവര്‍ക്ക് ധൈര്യവും, കരുതലും പകരാനാവുക. എങ്ങനെ ധൈര്യത്തോടെ അതിജീവിക്കാം എന്നതാണ് ഇത്തവണ നമ്മുടെ ദൗത്യം. തീ‍ര്‍ച്ചയായും മറികടന്നവ‌ര്‍ വഴിനടത്തും.