എന്താണ് ഇരുട്ടിന്റെ മറവിൽ ജെഎൻയുവിൽ നടന്നത്?

ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ടത് പെണ്‍കുട്ടികള്‍ അടങ്ങിയ മുഖംമൂടി സംഘം. വിദ്യാര്‍ഥികളെയും അധ്യാപകരെയും വളഞ്ഞിട്ട് മര്‍ദിച്ച ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാതെ ഡല്‍ഹി പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അക്രമികള്‍ എ.ബി.വി.പിക്കാരാണെന്നും വിദ്യാര്‍ഥിസംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇടതുവിദ്യാര്‍ഥിസംഘടനകളാണ് അക്രമം നടത്തിയതെന്ന് എ.ബി.വി.പി. പ്രതികരിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു ആദ്യ അക്രമം. ക്രിക്കറ്റ് സ്റ്റംപുകളും വടികളുമായി സംഘടിച്ചെത്തിയ അന്‍പതോളംപേരടങ്ങുന്ന എ.ബി.വി.പി. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. എസ്.എഫ്.ഐ. പ്രവര്‍ത്തകനും സെന്‍റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ഥിയുമായ സൂരിയുടെ തല അടിച്ചുപൊട്ടിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ അക്രമികള്‍ സ്ഥലംവിട്ടു. അക്രമത്തിനെതിരെ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കവെയാണ് രാത്രി ഏഴോടെ വീണ്ടും ആക്രമണമുണ്ടായത്. 

ആയുധങ്ങളുമായെത്തിയ സംഘം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംനേരെ കല്ലെറിഞ്ഞു. വടിവാളും ഇരുമ്പുകമ്പികളും അടക്കം മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ ചിതറിയോടിയവരെ വളഞ്ഞിട്ടുതല്ലി. കല്ലേറില്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനു പരുക്കേറ്റു. 

തുടര്‍ന്ന് സബര്‍മതി, പെരിയാര്‍, ഷിപ്ര അടക്കമുള്ള ഹോസ്റ്റലുകളിലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഹോസ്റ്റലുകളുടെ ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞു. 

ഡല്‍ഹി പൊലീസ് സ്ഥലത്തുണ്ടായിട്ടും അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥിസംഘടനകള്‍ ആരോപിച്ചു. അതേസമയം, ആരോപണം നിഷേധിച്ച എ.ബി.വി.പി., ഇടതുവിദ്യാര്‍ഥിസംഘടനകളുടെ അക്രമത്തില്‍ യൂണിറ്റ് സെക്രട്ടറിയടക്കം 25 പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റെന്നും പതിനൊന്ന് പ്രവര്‍ത്തകരെ കാണാനില്ലെന്നും പറഞ്ഞു.