ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക്; ജാതീയത ഇല്ലാത്ത പുതിയ ഇന്ത്യ

നിര്‍വ്വഹണം, പരിഷ്കരണം, പരിണാമം എന്നിവയാണ് പുതിയ ഇന്ത്യയുടെ മൂന്ന് തൂണുകളെന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തില്ലെന്നും ജാവഡേക്കര്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ 'സര്‍ക്കാരും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കവെ പറഞ്ഞു.

പുതിയ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല. ദൃശ്യമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിലവില്‍ യാതൊരു നിയമവും ഇല്ല. പ്രേക്ഷകരില്‍ ആര്‍ക്കും പരാതി ബോധിപ്പിക്കാവുന്ന തരത്തില്‍ സ്വന്തമായി ഒരു അസോസിയേഷന്‍ ദൃശ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അഴിമതി രഹിത ഇന്ത്യയിലേക്കാണ് നമ്മുടെ കുതിപ്പ്. ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന വലിയ വിപത്തായിരുന്നു അഴിമതി. പണ്ട് ബ്രിട്ടീഷുകാര്‍ നമ്മുടെ നാടിനെ കൊള്ളയടിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് നമ്മുടെ സ്വന്തം നേതാക്കള്‍ തന്നെ ജനങ്ങളെ കൊള്ളയടിക്കുന്ന അവസ്ഥയുണ്ടായി. അതിനാല്‍ അഴിമതിയെ പൂര്‍ണമായി തുരത്തുക എന്നത് പുതിയ ഇന്ത്യയുടെ ആവശ്യമാണ്.

തീവ്രവാദരഹിതം, ജാതീയത ഇല്ലാത്ത പുതിയ ഇന്ത്യ

തീവ്രവാദരഹിതമാണ് പുതിയ ഇന്ത്യ. പാക് സപോണ്‍സേര്‍ഡ് ഭീകരതക്കെതിരെയുള്ള തുറന്ന യുദ്ധത്തിലാണ് നമ്മുടെ രാജ്യം. പുതിയ ഇന്ത്യയില്‍ ജാതീയത ഇല്ല. ജാതിക്കതീതമായി, ഹൃദയത്തില്‍ നിന്നാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞു. ചിലര്‍ക്ക് രാജ്യത്ത് ദാരിദ്ര്യം പടര്‍ത്താനാണ് താത്പര്യം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് സമൃദ്ധിയും അഭിവൃദ്ധിയുമാണ്.

വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന സര്‍ക്കാര്‍ ആണിത്. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും ഇവിടെ അവകാശമുണ്ട്. വിമര്‍ശനങ്ങളെ കേള്‍ക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മറാത്തിയില്‍ ഒരു പഴഞ്ചൊല്ലുണ്ട്, നിങ്ങളുടെ വീടിനടുത്ത് തന്നെയാകണം നിങ്ങളുടെ വിമര്‍ശകന്റെയും വീടെന്ന്. അപ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് അവയെ കേട്ട് വളരാന്‍ സാധിക്കൂ.

കശ്മീരിലും മാധ്യമസ്വാതന്ത്ര്യം

കശ്മീരില്‍ മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സംവിധാനങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഒരു ഘട്ടമുണ്ട്. എന്നാലിപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല. പത്രദൃശ്യമാധ്യമങ്ങളെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ വാര്‍ത്തകളാണ് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നത്. ഇപ്പോഴത്തേത് പുതിയ കശ്മീരാണ്, പുതിയ ഇന്ത്യയാണ്. പുതിയ ഇന്ത്യയില്‍ ജനങ്ങളുടെ പങ്കാളിത്തത്തിനാണ് പ്രാധാന്യം