ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു; ആ നിലവിളിക്ക് ഒപ്പം 'സേവ് ആമസോണിയ'

ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകള്‍ കത്തിയെരിയുകയാണല്ലോ. ഒക്ടോബര്‍ മാസമെങ്കിലുമാകാതെ തീയണക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍ . ബ്രസീല്‍ സര്‍ക്കാരില്‍ ഖനിമാഫിയക്കടക്കമുളള സ്വാധീനം സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുന്നു. പതിനായിരക്കണക്കിന് വൃക്ഷങ്ങള്‍ കരിഞ്ഞുതീര്‍ന്നു. അതിലുമേറെ മൃഗങ്ങള്‍ വെന്തുപോയി. തനത് ഗോത്രവാസികളാകട്ടെ ഭീതിയുടെ നിഴലിലാണ്. 

ക്ലൈമറ്റ് ചെയ്ഞ്ച് എന്ന പ്രയോഗം ക്ലൈമറ്റ് ക്രൈസിസിന് വഴി മാറിയിരിക്കുന്നു. ഇത്രയും വലിയൊരു പാരിസ്ഥിതികദുരന്തമുഖത്തും ആത്മാര്‍ഥമായ നടപടിയെടുക്കാന്‍ മടിച്ചുനില്‍ക്കുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങളല്ലാതെ ലോകമാകെയും തെരുവുകള്‍ ഏറെക്കുറെ നിശബ്ദമാണ്. ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളില്‍ നിശബ്ദരായിരുന്ന സംഘടനകള്‍ മെലിഞ്ഞ പ്രതിഷേധമുയര്‍ത്തി പരിഹാസ്യരാകുന്നു. 

ഫെയ്സ്ബുക്കിലല്ലാതെ ഒരു വിഷയത്തിലും ഒരിടപെടലും നാളിതുവരെ നടത്തിയിട്ടില്ലാത്തവര്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പരിഹസിച്ച് സുരക്ഷിതമാളങ്ങളിലേക്ക് മടങ്ങുന്നു. 

ആമസോണ്‍ കാടുകളും അവിടുത്തെ ജൈവവൈവിധ്യവും ലോകത്തോടാവശ്യപ്പെടുന്നുണ്ട്. ആമസോണിനെ രക്ഷിക്കണമെന്ന്. ആ നിലവിളിക്കൊപ്പം ചേരാനുളള ശ്രമമാണ് സേവ് ആമസോണിയ എന്ന പരിപാടിയിലൂടെ. പരിപാടി അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ വൈദ്യുതി വകുപ്പ് ധിക്കാരപരമായി കയ്യേറി കൂറ്റന്‍ ടവര്‍ സ്ഥാപിച്ച എറണാകുളത്തെ ശാന്തിവനത്തില്‍ നിന്നാണ്.