ഇരുകരങ്ങളും കൂപ്പി ജഗന്‍; ഇത് അധികാരത്തിലേക്കുള്ള യാത്ര

വൈഎസ്ആറായി മമ്മൂട്ടി അഭിനയിച്ച ചിത്രം യാത്ര ആന്ധ്രാപ്രദേശില്‍  തിരഞ്ഞെടുപ്പ് കാലത്ത് തിയറ്ററുകള്‍ നിറച്ചു.  പുലിവെന്തുലയിലെ പുലിയായിരുന്നു വൈഎസ്ആര്‍. 1978  മുതല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ മുഖം. ജനനായകന്‍ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യന്‍. മല്‍സരിച്ച എല്ലാതിരഞ്ഞെടുപ്പുകളും ജയിച്ച നേതാവ്.

2003 ല്‍ കൊടുംവരള്‍ച്ച ആന്ധ്രയെ വലച്ചസമയത്ത് കത്തുന്ന വേനലില്‍ മൂന്നുമാസം  കൊണ്ട് 1500 കിലോമീറ്റര്‍ പദയാത്ര നടത്തിയ നേതാവ്. ആ യാത്ര അവസാനിച്ചത് ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിലാണ്. 2004 തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബുവിന്‍റെ ടിഡിപിയെ കടപുഴക്കി നേടിയ ജയം. 2009 സെപ്റ്റംബറില്‍ വീണ്ടും വിജയം. മുഖ്യമന്ത്രിയായിരിക്കെ മറ്റൊരു യാത്രയ്ക്കിടെ അദ്ദേഹത്തിന്‍റെ ജീവിതയാത്ര അവസാനിച്ചു. ആന്ധ്രയുടെ ഹൃദയം തകര്‍ത്തെറിഞ്ഞ ദുരന്തം. ഹെലികോപ്റ്റര്‍ അപകടം.

ജഗന്‍ മോഹന്‍ റെ‍ഡ്ഡി. വൈഎസ്ആറിന്‍റെ മകന്‍. ഒരുപക്ഷേ അടുത്ത ആന്ധ്രാ മുഖ്യമന്ത്രി. കേന്ദ്രത്തിലും നിര്‍ണായക ശക്തിയായേക്കാം. സര്‍വേ ഫലങ്ങളനുസരിച്ച് ആന്ധ്രയുടെ അടുത്തനേതാവ്. 

വൈഎസ്ആര്‍ യാത്ര അവസാനിപ്പിച്ചയിടത്തുനിന്നാണ് ജഗന്‍ രാഷ്ട്രീയജീവിതം തുടങ്ങിയത്. വൈഎസ്ആര്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോള്‍ ബിസിസില്‍ ശ്രദ്ധിച്ച മകന്‍, പിതാവ് മരിച്ചപ്പോള്‍ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങി. വൈഎസ്ആര്‍ എന്ന ജനനായകന്‍ മൂന്നുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന, അദ്ദേഹം വളര്‍ത്തി വലുതാക്കിയ ആന്ധ്രയിലെ കോണ്‍ഗ്രസിനെ മുച്ചൂടും തകര്‍ത്തായിരുന്നു മകന്‍റെ അരങ്ങേറ്റം. 

ഇരുകരങ്ങളും കൂപ്പി നില്‍ക്കുകയായിരുന്നു ജഗന്‍. ജനമധ്യത്തിലൂടെ പിതാവിന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിലുടനീളം. വൈഎസ്ആറിന്‍റെ മരണത്തിന്‍റെ ആഘാതം താങ്ങാനാവാതെ ആന്ധ്രയില്‍ 220 പേര്‍ ആത്മഹത്യ ചെയ്തു. ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാനത്തുടനീളം യാത്ര നടത്താന്‍ പദ്ധതിയിട്ടു. 

തൊട്ടുപിന്നാലെ വൈഎസ്ആറിന്‍റെ മുഖ്യമന്ത്രിക്കസേരയില്‍ അവകാശവാദമുന്നയിച്ചു.  ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി വീരപ്പ മൊയ്്ലിയുമായി ജഗന്‍റെ വിശ്വസ്തര്‍ കൂടിക്കാഴ്ച നടത്തി. ഹൈക്കമാന്‍ഡ് ഇടഞ്ഞു. എസ്ആറുമായി നല്ല അടുപ്പം പുലര്‍ത്തിയ സോണിയാഗാന്ധി, പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാതിരുന്ന മകന്‍റെ പെട്ടെന്നുള്ള രംഗപ്രവേശം ഇഷ്ടപ്പെട്ടില്ല. എഴുപത്തൊന്‍പതുകാരനായ പാര്‍ട്ടി നേതാവ് കെ.റോസയ്യയെ ആക്ടിങ് ചീഫ് മിനിസ്റ്ററായി പ്രഖ്യാപിച്ചു. 

ഒടര്‍പ്പ് യാത്രയ്ക്ക് അനുമതി തേടി വൈഎസ്ആറിന്‍റെ ഭാര്യയും മകനും മകനും ഡല്‍ഹിയിലെത്തി. നേരില്‍ക്കാണാന്‍ താല്‍പ്പര്യമില്ലായിരുന്നു സോണിയാ ഗാന്ധിക്ക്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങിയ ജഗന്‍ ആന്ധ്രയില്‍ മടങ്ങിയെത്തിയ ഉടന്‍ ഒടര്‍പ്പു യാത്ര തുടങ്ങി. പിതാവിന്‍റെ മരണത്തിന്‍റെ പേരില്‍ സഹതാപതരംഗമുയര്‍ത്തി കടപ്പ ഉപതിരഞ്ഞെടുപ്പില്‍ ജഗന്‍ നേടിയെടുത്തത് അഞ്ചുലക്ഷത്തിലേറെ വോട്ടുകളുടെ റെക്കൊര്‍ഡ് ഭൂരിപക്ഷം. അങ്ങനെ ആന്ധ്രയുടെ രാഷ്ട്രീയത്തില്‍ സ്വന്തമായി ഇരിപ്പടം കണ്ടെത്തി.

രണ്ടുവര്‍ഷത്തിനുശേഷം 2011 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടിയില്‍ നിന്ന് ഒരു വലിയ വിഭാഗം ജഗനൊപ്പം ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 67 സീറ്റുകള്‍ നേടി YSRCP മുഖ്യ പ്രതിപക്ഷമായി. ജഗന്‍ പ്രതിപക്ഷ നേതാവായി. ഇക്കുറി ആന്ധ്രയിലെ കാറ്റ് ജഗന്‍ നിശ്ചയിക്കുന്നയിടത്തേക്ക് വീശാനാണ് സാധ്യത. സ്വന്തമായി ഒരുസീറ്റുപോലും പ്രതീക്ഷയില്ലാത്ത ബിജെപി ജഗന്‍റെ വോട്ടുപെട്ടി തുറക്കുന്നതും കാത്തിരിക്കുന്നു.  

ചന്ദ്രബാബു നായിഡുവിന്‍റെ ഓരോ തിരിച്ചടികളും ജഗന് നേട്ടമാണ്. നായിഡുവിന് നഷ്ടമാകുന്ന ഓരോ വോട്ടും ജഗന്‍റെ അക്കൗണ്ടിലേക്കാണ് വീഴുക. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന ആരെയും കേന്ദ്രത്തില്‍ പിന്തുണയ്ക്കുമെന്നാണ് നിലപാട്. പട്ടിണിപ്പാവങ്ങളായ ആന്ധ്രയിലെ കര്‍ഷകര്‍ വലിയ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.

അഴിമതിക്കേസില്‍ 16 മാസം ജയിലില്‍ക്കഴിഞ്ഞശേഷമാണ് പുറത്തിറങ്ങിയത്. എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് തയാറാക്കിയ കണക്കനുസരിച്ച് 368 കോടിയുടെ കള്ളപ്പണം ജഗന്‍മോഹന്‍ റെഡ്ഡിക്കുണ്ട്. 

പണം വിനിമയത്തിനുവേണ്ടി മാത്രം രൂപീകരിച്ച 31 ഷെല്‍ കമ്പനികളുടെ ഉടമ. സന്ദൂര്‍ എന്ന ചെറിയൊരു പവര്‍ കമ്പനിയിലായിരുന്നു തുടക്കം. വൈഎസ്ആര്‍ മുഖ്യമന്ത്രിയായതോടെ മകന്‍റെ ബിസിനസ് വളര്‍ന്നു. സാക്ഷി എന്ന പേരില്‍ സ്വന്തം പത്രസ്ഥാപനവും ചാനലും തുടങ്ങി. ഭാരതി സിമന്‍റ്സ്  എന്ന കോടികള്‍ വിറ്റുവരവുള്ള സ്ഥാപനം ജഗന്‍റെ ഭാര്യയുടെ പേരിലാണ്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ആഡംബരസൗധങ്ങള്‍, കാറുകള്‍ തുടങ്ങി രാജ്യത്തെ എണ്ണം പറഞ്ഞ സമ്പന്നരിലൊരാള്‍.  തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പുതിയ കണക്ക് ഇങ്ങനെയാണ്  

ആകെ ആസ്തി 510 കോടി. ജഗന്റെ ആസ്തി 375 കോടി രൂപ. ഭാര്യയുടെ പേരില്‍ 124 കോടി. രണ്ടുപെണ്‍മക്കളുടെയും പേരില്‍ 11 കോടി. ഇതൊന്നും പോരാഞ്ഞ് അധികയോഗ്യതയായി സ്വന്തം പേരില്‍ 31 ക്രിമിനല്‍ കേസുകളും.

പുറമേക്ക് സൗമ്യനായ, ലളിത പ്രതിഛായയുള്ള ജഗന്‍ അധികാരത്തിലേക്കുള്ള യാത്രയിലാണ്.  3200 കിലോമീറ്റര്‍ നീളുന്ന പദയാത്രയ്ക്കൊടുവില്‍ പിതാവിരുന്ന അതേ കസേരകൂടി ചിലപ്പോള്‍ ജഗന്‍ സ്വന്തമാക്കിയേക്കും. എല്ലാവഴികളുമടഞ്ഞ വലിയൊരുവിഭാഗത്തിന്‍റെ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിനാകുമോയെന്ന ചോദ്യം ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തമല്ല.