അശാന്തമായി ശാന്തിവനം; സമരഭൂമിയായി ഹരിതഭൂമി; ചൂണ്ടുവിരൽ

തിരഞ്ഞെടുപ്പ് കാലത്ത് ആരും ചർച്ച ചെയ്യാതിരുന്ന ഒന്നാണ് കാലാവസ്ഥാവ്യതിയാനം. തീചൂടായിരുന്നു ഈ പ്രചാരണകാലത്ത്. ഈ ചൂടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചൂണ്ടുവിരൽ ആരംഭിക്കുന്നത്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരുള്ള ശാന്തിവനത്തിലേക്ക് ചൂണ്ടുവിരൽ ചൂണ്ടുകയാണ്. മീനാമേനോനും മകൾ ഉത്തരയും ജീവിച്ചിരിക്കുന്നവർക്കും ഇനി ജനിക്കാൻ പോകുന്നവർക്കും വേണ്ടി സംരക്ഷിക്കുകയാണ് ഈ ശാന്തിവനം. 

മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. ഇതിനോട് ചേർന്നാണ് മീനയും മകളും താമസിക്കുന്ന ചെറിയ വീട്.

കേരളം കൊടുംചൂട് നേരിടുന്ന കാലമാണ്. ജൈവവൈവിധ്യങ്ങളും മരങ്ങളും സംരക്ഷിക്കണമെന്ന് ശക്തമായ ആവശ്യം നിലനിൽക്കുമ്പോഴും വികസനത്തിന്റെ പേരിൽ ശാന്തിവനം നശിപ്പിക്കാനുള്ള പുറപ്പാടിലാണ് അധികാരികൾ. കെ.എസ്.ഇ.ബിയുടെ 110 കെവി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനം വെട്ടിനിരത്താനുള്ള പുറപപാടിലാണ് അധികാരികൾ. പൈലിങ്ങ് ഉൾപ്പടെ ഇവിടെ തുടങ്ങിക്കഴിഞ്ഞു.