പകൽ മുഴുവൻ നീണ്ട പ്രതിഷേധം; സാവകാശം തേടി ദേവസ്വം ബോർഡ്; സംഭവബഹുലമായി ശബരിമല

പതിനേഴ് മണിക്കൂര്‍ കാത്തിരിപ്പിനുശേഷം  ശബരിമലയിലേക്ക് പോകാതെ തൃപ്തി ദേശായി മടങ്ങി. പുലർച്ചെ 4.45 ന്  നെടുമ്പാശേരിയിൽ എത്തിയ തൃപ്തി, ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രാത്രി 09.25 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മുംൈബയ്ക്ക് പോയത്. അതേ സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് 250ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 

ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങാൻ തീരുമാനിച്ചത്. ശബരിമല ദർശനത്തിനായി പുലർച്ചെ 4.45 ന് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. എന്നാൽ ഇക്കാര്യം അറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് നാമജപ മന്ത്രങ്ങളുമായി വിശ്വാസികൾ പ്രതിരോധമൊരുക്കി. ഓരോ മണിക്കൂർ പിന്നിടുമ്പോഴും പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചു. എന്നാൽ ദർശനം നടത്തിയെ മടങ്ങൂവെന്ന് നിലപാടിൽ തൃപ്തിയും സംഘവും ഉറച്ചു നിന്നു.

യാത്രയ്ക്കും താമസത്തിനും ഉള്ള സൗകര്യം സ്വയം ഒരുക്കിയാൽ സംരക്ഷണം നൽകാമെന്ന് പൊലീസ്. പക്ഷെ തൃപ്തിയെ കൊണ്ടുപോകാൻ ടാക്സിക്കാർ തയ്യാറായില്ല. ഒടുവിൽ പൊലീസിന്റെ സമവായ ചർച്ചയ്ക്കൊടുവിൽ തിരികെ മടങ്ങുമെന്ന് വൈകിട്ട് ആറുമണിയോടെ തൃപ്തി ദേശായി അറിയിച്ചു. തന്റെ വരവ് വിജയമാണെന്നും ഇനി  മുന്കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്നും പറഞ്ഞാണ് തൃപ്തി മടങ്ങിയത്. തൃപ്തി യാത്ര ചെയ്യുന്ന വിമാനം ഉയരുന്നതുവരെ പ്രതിഷേധക്കാരും നെടുമ്പാശേരിയിൽ നിലയുറപ്പിച്ചു.

അതേസമയം ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.  നാളെയോ  തിങ്കളാഴ്ചയോ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പമ്പയില്‍ അറിയിച്ചു. അതേസമയം പൊലീസ് നിര്‍ദേശപ്രകാരം അപ്പം അരവണ കൗണ്ടറുകളും കടകളും അടയ്ക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞദിവസം  തന്ത്രിയും പന്തളംരാജകുടുംബവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനുളള നിര്‍ദേശം ഉയര്‍ന്നത്.  തുടര്‍ന്ന് ഇന്നു  പമ്പയില്‍ ചേര്‍ന്ന ദേവസ്വം യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തത്. വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. നാളെയോ തിങ്കളാഴ്ചയോ അപേക്ഷ നല്‍കും. അതേസമയം പൊലീസ് നിര്‍ദേശപ്രകാരം  അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി പത്തിന് അടയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എ. പത്മകുമാര്‍.  നെയ്യഭിഷേകത്തിന് പതിവ് സംവിധാനമുണ്ടാകും.  പൊലീസ് പറഞ്ഞതുപോലെ കടകളും അടച്ചിടില്ല.  ദേവസ്വംമന്ത്രി ഡി.ജി.പിയെ ഇക്കാര്യം അറിയിച്ചെന്നും  എ.പത്മകുമാര്‍ അറിയിച്ചു .

ദേവസ്വം ബോര്‍ഡ് തീരുമാനത്തെ കോണ്‍ഗ്രസും ബി.ജെ.പിയും പന്തളം രാജകുടുംബവും  സ്വാഗതം ചെയ്തു.  ശബരിമല സമരം ശക്തിപ്പെടുത്തുമെന്നും ബോര്‍ഡ് തീരുമാനം ആത്മാര്‍ഥമാണെന്ന് തെളിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. ദേവസ്വം ബോര്‍ഡ് തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ദേവസ്വം മന്ത്രിയും അറിയിച്ചു. സാവകാശം തേടി അപേക്ഷ നല്‍കാന്‍ ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ത്തന്നെ താന്‍ നിര്‍ദേശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് വൈകിവന്ന വിവേകമാണ്.  ജനുവരി 22 വരെ യുവതീപ്രവേശം ആലോചിക്കുപോലും വേണ്ടെന്നാണ് നിലപാടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബോര്‍ഡിന്റെ തീരുമാനത്തെക്കാള്‍ അത് ആത്മാര്‍ഥമാണെന്ന് തെളിയിക്കുകയാണ് വേണ്ടതെന്ന് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. മികച്ച അഭിഭാഷകരെ നിയമിക്കണം. സമരത്തില്‍ നിന്ന് ബി.ജെ.പി പിന്നോട്ടില്ലെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പന്തളം രാജകുടുംബവും രംഗത്തെത്തി.  അതിനിടെ  ബോര്‍ഡ് തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും  വിധി നടപ്പാക്കുമെന്ന സത്യവാങ് മൂലത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സന്നിധാനത്തെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തി പൊലീസ്. രാത്രി 11 മണിക്ക് ശേഷം പ്രസാദ കൗണ്ടറുകളും ഹോട്ടലുകളും അടക്കാന്‍ നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. ഇത്തരത്തില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു. പതിനൊന്ന് മണിക്ക് ശേഷം പ്രസാദ കൗണ്ടറുകളും ഹോട്ടലുകളും അടക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഡി.ജി.പി നിലപാടില്‍ മലക്കം മറിഞ്ഞത്.