റഫാലിൽ ഉത്തരം പറയാൻ സർക്കാർ ബാധ്യസ്ഥർ; 'ശത്രുപക്ഷത്ത്' ശത്രുഘ്നൻ സിൻഹ

റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ എം.പി. വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരം പറയാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹ മനോരമ ന്യൂസിനോട് പറഞ്ഞു. .

റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലെമന്‍ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിലപാടിനോട് യോജിക്കുകയാണ് മുതിര്‍ന്ന ബി.െജ.പി. നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. റഫാല്‍ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനു കളങ്കമായി. പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  

ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ വിമര്‍ശിച്ചു. നല്ല ഭരണം കാഴ്ചവച്ചിട്ടും വാജ്പേയി സര്‍ക്കാരിനു തിര‍ഞ്ഞെടുപ്പില്‍ തിരിച്ചടിനേരിട്ടു. ഇക്കാര്യം ഓര്‍മവേണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പുറത്താക്കുംവരെ ബി.ജെ.പിയില്‍തന്നെ തുടരും. ആം ആദ്മിയും കോണ്‍ഗ്രസും അടക്കം വിവിധ പാര്‍ട്ടികള്‍ ഉപാധികളില്ലാതെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതിനു നന്ദിയുണ്ടെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.