അണവിട്ട ഒഴുക്ക്

ഇടുക്കിയില്‍ നിന്ന് ചരിത്രംകുറിച്ച് ജലപ്രവാഹം. ചെറുതോണി അണക്കെട്ടില്‍ ആദ്യമായി അഞ്ചുഷട്ടറുകളും ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല. ഇതോടെ തുറന്നുവിടുന്ന ജലത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ചെറുതോണി വഴി പെരിയാറിലേക്കാണ് വെള്ളം ഒഴുകുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഉയര്‍ത്തിയ മൂന്നാംഷട്ടര്‍ രാവിലെ വരെ തുറന്നുവച്ചിട്ടും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടേയിരുന്നു. രാവിലെ ഏഴുമണിക്ക് രണ്ട് ഷട്ടറുകള്‍ കൂടി 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതുകൊണ്ടും പ്രയോജനമുണ്ടായില്ല. പതിനൊന്നുമണിക്ക് മൂന്നുഷട്ടറുകളുടേയും ഉയരം ഒരുമീറ്ററാക്കി. സംഭരണിയിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ ഒരുമണിക്ക് നാലാം ഷട്ടറും ഒന്നേകാലിന് അഞ്ചാം ഷട്ടറും തുറന്നു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ ഓരോനിമിഷവും സ്ഥിതി വിലയിരുത്തി നടപടികള്‍‌ കൈക്കൊണ്ടുവരികയാണ്. ജലം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.