പൂണൂൽ പൊട്ടിച്ച പാട്ട്

ഏഷ്യയിലെ നൊബേല്‍ എന്നറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലെ ജാതിവെറിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ്.  കര്‍ണാടക സംഗീതത്തിലെ യുവ വായ്പാട്ടുകാരന്‍ തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന ടിഎം കൃഷ്ണ. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ടിഎം കൃഷ്ണ. പ്രശസ്ത സംഗീതഞ്ജന്‍ ശെമ്മാങ്കുടിയുടെ ശിഷ്യനായ ടിഎം കൃഷ്ണ സംഗീത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചനയിലും അധ്യാപന രംഗത്തും കഴിവു തെളിയിച്ചു. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തെ യുവാക്കളില്‍ ശ്രദ്ധേയനായ ടിഎം കൃഷ്ണ സംഗീതരംഗത്തെ ജാതിവേലി തകര്‍ത്തില്ലെങ്കില്‍ പ്രസിദ്ധമായ ചെന്നൈ സംഗീതോത്സവത്തില്‍ പാടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. 

മാര്‍ഗഴി മാസത്തില്‍ ചെന്നൈയിലെ സംഗീതസഭകളില്‍ നിന്ന് വിട്ടു നിന്ന കൃഷ്ണ സംഗീതവുമായി മറീന ബീച്ചിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്കാണ് പോയത്. സംഗീതോത്സവം അരങ്ങേറുമ്പോള്‍ അതേ സമയം കടലോരത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി സംഗീതകച്ചേരി നടത്തി തന്റെ പ്രതിഷേധം അറിയിച്ചു. എല്ലാവര്‍ഷവും ഇത് തുടരുമെന്നും കൃഷ്ണ പറഞ്ഞു. ജാതിവെറിയ്‌ക്കെതിരെയുള്ള തന്റെ കാഴ്ചപാടുകളും വീക്ഷണങ്ങളും ഒരു ദക്ഷിണേന്ത്യന്‍ സംഗീതം: കര്‍ണാടക കഥ എന്ന ഗ്രന്ഥത്തില്‍ കൃഷ്ണ വിശദമാക്കുന്നുണ്ട്.