കോണ്‍ഗ്രസ് മതേതരപാര്‍ട്ടി; വീരനെ പുറത്താക്കിയത് സിപിഎം: കാനം പറയുന്നു

സിപിഐയുടെ രാഷ്ട്രീയനിലപാടുകള്‍ പുറത്തുള്ളവര്‍  തീരുമാനിക്കാന്‍  അനുവദിക്കില്ലെന്ന്  പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. യഥാര്‍ഥ ഇടതുപക്ഷം സിപിഐയാണ്. കമ്യൂണിസ്റ്റ്  പാര്‍ട്ടികളുടെ പ്രായം കണക്കാക്കിയാല്‍ തന്റെ പാര്‍ട്ടിയാണ് വല്യേട്ടനെന്നും അദ്ദേഹം അവകാശപ്പെട്ടു.  പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടശേഷം മനോരമ ന്യൂസിന് അനുവദിച്ചഅഭിമുഖത്തിലാണ് കാനം നിലപാടുകള്‍ വ്യക്തമാക്കിയത്.  

സിപിഐ വലതുകമ്യൂണിസ്റ്റല്ല, യഥാര്‍ഥ ഇടതുപക്ഷമാണ്. മറ്റ് ജനാധിപത്യപാര്‍ട്ടികളെക്കാള്‍  ജനാധിപത്യമുള്ളതും സിപിഐയിലാണ്– കാനം ഉറപ്പിച്ചുപറയുന്നു.  പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കുക തന്നെ വേണം. യഥാര്‍ഥ മതേതരപാര്‍ട്ടിയാണത്. അടവുനയമല്ല തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രധാനം.

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍  വ്യക്തിപൂജ പാടില്ല. അതിനുള്ള ശ്രമങ്ങളില്‍ താന്‍ വീഴുകയുമില്ലെന്ന്  കാനം വ്യക്തമാക്കി.വീരേന്ദ്രകുമാറിന്റെ  ജനതാദളിനെ ഇടതമുന്നണിയില്‍ നിന്ന് പുറത്താക്കിയത്  സിപിഐയുടെ അറിവോടെയല്ല. സിപിഎം  തീരുമാനമായിരുന്നു അതെന്നും അദ്ദേഹം തുറന്നടിച്ചു.