രാഷ്ട്രീയം വാഴുമോ രജനിയും കമലും..?

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഏറ്റവും രൗദ്രാവസ്ഥയിലൂടെയൊക്കെ തമിഴ്നാട് കടന്നുപോയി കഴിഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും സാന്നിധ്യമില്ലാത്ത രാഷ്ട്രീയ ഭൂമികയിലാണ് പലരും വിത്തെറിയാന്‍ ശ്രമിക്കുന്നത്. കമല്‍ഹാസനും രജനീകാന്തുമൊക്കെ പടനയിച്ചെത്തുന്നത് ദ്രാവിഡരാഷ്ട്രീയത്തിന്‍റെ ഉറച്ച മണ്ണിലേക്കാണ്.

തമിഴ്നാട്. കാലങ്ങളായി ഭരിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ വേരുപോലും അവശേഷിപ്പിക്കാതെ പറിച്ചെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയം പാകി മുളപ്പിച്ച മണ്ണ്. കാമരാജിന് ശേഷം കോണ്‍ഗ്രസിന്, സ്വാധീനമുള്ളൊരു നേതാവിനെ പോലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റാത്ത രാഷ്ട്രീയ ഇടം. എം.ജി.ആറും കരുണാനിധിയും രണ്ട് ദിശയില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ തേരുതെളിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നാമാവശേഷമായി. കരുണാനിധി എന്ന രാഷട്രീയ ചാണക്യന്‍ അരങ്ങിലില്ല. ജയലളിത കളമൊളഴിഞ്ഞു. എകാധിപതിയുടെ സ്വഭാവത്തോടെ ജയലളിത അടുക്കും ചിട്ടയും പഠിപ്പിച്ച അണ്ണാ ഡി.എം.കെ ഇന്ന് ആര്‍ക്കും കേറിവന്ന് കൊട്ടാവുന്ന ചെണ്ടപോലെയായി. ടു.ജി. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനവിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്ന ഡി.എം.കെ എം.കെ.സ്റ്റാലിന്‍റെ ചിറകിലേറി അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ്. ആര്‍.കെ.നഗറിലെ കനത്ത പരാജയം സ്റ്റാലിന്‍റെ നേതൃത്വം ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. ആറു പതിറ്റാണ്ടിലധികം ദ്രാവിഡ രാഷ്ട്രീയം കൊടികുത്തിവാഴുന്ന തമിഴ്നാട്ടില്‍ കമല്‍ഹാസനും രജനികാന്തും വിശാലുമൊക്കെ മുതല്‍വരാവുക എന്നത് തന്നെയാണ് സ്വപ്നം കാണുന്നുണ്ടാവുക. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇരുവര്‍ക്കും അനുകൂലമാകുമോ എന്നത് പ്രധാന ചോദ്യമാണ്. 

ഒരു മാറ്റത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ഉപതിരഞ്ഞെടുപ്പ് ജയിച്ചുവന്ന ടി.ടി.വി.ദിനകരന്‍ അതിന്‍റെ നേതൃത്വത്തിലേക്ക് വരുമോ...? അങ്ങനെ വന്നാല്‍ എ.ഐ.എ.ഡി.എം.കെയിലുള്ള വിടവ് മാറി. എടപ്പാടി പളനിസാമിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്ക് വന്നാലും പ്രശ്നം തീരും. ഡി.എം.കെയില്‍ വളരെ ക്ലിയര്‍ ലീഡറാണ് സ്റ്റാലിന്‍. എല്ലാവരും സ്റ്റാലിന്‍റെ പുറകെയാണ്. ഈ രണ്ട് രാഷ്ട്രീയപാര്‍ട്ടികളും ഉള്ള സ്ഥലത്ത് ചെറിയ വിടവ് മാത്രമേ ഉള്ളൂ. ഏതെങ്കിലും കാരണം കൊണ്ട് ക്ഷയിച്ച് പോവുകയാണെങ്കില്‍ മാത്രം മറ്റുള്ളവര്‍ക്ക് സാധ്യതയുണ്ട്. ഈ രണ്ട് പാര്‍ട്ടികളും ഉള്ളിടത്തോളം കാലം രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.അങ്ങനെ മാറ്റമുണ്ടാകില്ലെന്ന് പലരും കരുതുന്നിടത്തേക്കാണ് രജനിയും കമലും കടന്നുവരുന്നത്. ആരാധകര്‍ വോട്ടാകുമോ എന്ന പതിവു ചോദ്യത്തില്‍ നിറയെ ആശങ്കകളാണ്. ടിടിവി ദിനകരന്‍റെയും, ജയലളിതയുടെയും, സ്റ്റാലിന്‍റെയുമൊക്കെ ഫോട്ടോ പോക്കറ്റിലിട്ട് വന്നവരെ രജനിയുടെ ആരാധക സംഗമത്തില്‍ കണ്ടു.  അങ്ങനെ രാഷ്ട്രീയക്കാരെയും സിനിമ താരങ്ങളെയും ഒരുപോലെ ആരാധിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ എന്ത് ചിന്തിക്കും എന്ന് തന്നെയാണ് പ്രധാനം.  

നിരവധി തവണ സൂചനകള്‍ നല്‍കിയാണ് ഉലകനായകന്‍ ഇറങ്ങിയത്. അപ്രതീക്ഷിതമായിരുന്നു സ്റ്റൈല്‍മന്നന്‍റെ നീക്കങ്ങള്‍. രജനിക്ക് രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യമില്ലെന്ന് പലരും വിലയിരുത്തി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറുമുതല്‍ താന്‍ രാഷ്ട്രീയം പറയുന്നുണ്ടെന്നാണ് രജനി പറയുന്നത്. 

പത്തുവര്‍ഷം മുമ്പ് രാഷ്ട്രീയത്തില്‍ രജനി ഇറങ്ങിയിരുന്നെങ്കില്‍ എന്ന് പറയുന്നവരാണ് ഏറെ. ഒരു സാമൂഹ്യ വിഷയങ്ങളിലും ഇടപെടാതെ, മാധ്യമങ്ങളെ നേരിടുന്നതില്‍ മടിച്ചുനിന്ന ഒരു താരം പഴയകഥകള്‍ പറഞ്ഞ് പെട്ടന്ന് രാഷ്ട്രീയക്കാരന്‍റെ കുപ്പായമിടുമ്പോള്‍ സംശയം പ്രകടിപ്പിക്കുന്നവരേറയാണ്. പക്ഷേ സനിമയിലൂടെയടക്കം തന്‍റെ രാഷ്ട്രീയം രജനി പലതവണ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മറുവാദം. 

സിനിമയും രാഷ്ട്രീയവും ഇത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്തുണ്ടാകില്ല. നാടകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്ന തമിഴ് മണ്ണില്‍ നാടക നടന്‍മാരോടുള്ള ആരാധനയാണ് ഇന്നത്തെ താരാരാധനയില്‍ എത്തി നില്‍ക്കുന്നത്. നടനില്‍ നിന്നും രാഷ്ട്രീയക്കാരനില്‍ എത്തുമ്പോള്‍ രജനിക്കും കമല്‍ഹാസനും മറികടക്കാന്‍ പ്രതിസന്ധികളേറെയാണ്. 

സിനിമതാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പുതുമയൊന്നുമല്ല. പല സംസ്ഥാനങ്ങളിലും അത് നടക്കുന്നുണ്ട്. പരാജയവും ജയവും അറിയുന്നുണ്ട്. പക്ഷേ തമിഴ്നാട്ടില്‍ ആ രാഷ്ട്രീയത്തിന് ആഴം കൂടുതലാണ്. എം.ജി.ആറും കരുണാനിധിയും ജയലളിതയുമെല്ലാം സിനിമയില്‍ നിന്ന് വന്ന് തമിഴകം വാണവരാണ്. അത്തരമൊരു പരീക്ഷണശാലയിലാണ് വീണ്ടും വീണ്ടും താരങ്ങള്‍ എത്തുന്നത്. ശിവാജി ഗണേശനും, വിജയകാന്തും, ശരത് കുമാറും , നെപ്പോളിയനും, കെ.ഭാഗ്യരാജും, ഖുശ്ബുവും, കരുണാസും,  നിരവധിപേരുണ്ട് കളത്തിലുള്ളവരും പുറത്തായവരുമായി. 

ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ചും സംവദിച്ചുമാണ് എം.ജി ആറും കരുണാനിധിയും ജയലളിതയും മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയത്. പുരാണങ്ങളും ഇതിഹാസങ്ങളും സിനിമയിലൂടെ പറഞ്ഞ് എം.ജി.ആറും, സിനിമയിലെ സംഭാഷണങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത് കരുണാനിധിയും ജനമനസ് കീഴടക്കിയതാണ്. പുകവലിയോ മദ്യപാനമോ സ്ത്രീകളെ അധിക്ഷേപിക്കലോ എം.ജി.ആര്‍.സിനിമകളില്‍ കാണാന്‍ കഴിയില്ല. നന്മയുള്ള മനുഷ്യനായി ഇന്നും എം.ജി.ആറിനെ ജനം ഓര്‍ക്കുന്നുണ്ട്. നേരെ വിപരീതമായാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള ഇടപെടലുകള്‍ കമല്‍ഹാസന് രാഷ്ട്രീയ പരിവേഷം നല്‍കി. ഇനിയും ഇറങ്ങിയില്ലെങ്കില്‍ മരണം വരെ കുറ്റബോധം തോന്നുമെന്ന് പറഞ്ഞാണ് രജനി വന്നത്. ആര്‍.കെ.നഗറില്‍ മത്സരിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള വിശാലിന്‍റെ കടന്നുവരവ് ഏവരെയും ഞെട്ടിച്ചു. 

രജനിയും കമലും പറയുന്നത് രണ്ട് തരത്തിലുള്ള രാഷ്ട്രീയമാണ്. ഞാന്‍ നിരീശ്വരവാദിയെന്നും ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചെങ്കിലും അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമല്‍ പറയുന്നു. ഭഗവത്ഗീത ഉദ്ധരിച്ച് ഹൈന്ദവ വിശ്വാസങ്ങളെ മുറുകെ പിടിച്ചും പച്ചതമിളനാണ് താനെന്ന് പറഞ്ഞ് തമിഴ്്വികാരം കൂടെ നിര്‍ത്താനും ശ്രമിക്കുന്ന അവ്യക്തമായ രാഷ്ട്രീയമാണ് രജനി പറയുന്നത്. രണ്ട് രീതിയുള്ള രാഷ്ട്രീയവുമായി രണ്ട് ദിശയില്‍ നിന്നാണ് ഇരുവരും ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ വന്‍മതിലുകളായ അണ്ണാ ഡി.എം.കെയെയും, ഡി.എം.കെയെയും നേരിടാനെത്തുന്നത്. പറ്റുന്ന വേദികളിലെല്ലാം കരുണാനിധിയെ പുകഴ്ത്തിയിരുന്ന കമല്‍ഹാസന്‍ ഇപ്പോള്‍ മാര്‍ക്സിസവും, ഗാന്ധിസവും, പെരിയാറും എല്ലാമടങ്ങിയ പുതിയ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്. മാറ്റം കൊണ്ടുവരും എന്ന് പറഞ്ഞ്, സംശുദ്ധവും സുതാര്യവും, മത അധിഷ്ഠിതമല്ലാത്തതുമായ ആത്മീയ രാഷ്ട്രീയത്തെ കുറിച്ചാണ് രജനി പറയുന്നത്. രണ്ട് പേരും രണ്ട് വഴിലൂടെയാണ് മാറ്റത്തിനായി കൂടെ നില്‍ക്കണെമെന്ന് ജനങ്ങളോട് പറയുന്നത്. ആശയപരമായും നയപരമായും ജനങ്ങളുമായി സംവദിക്കാന്‍ ഇരുവരും ഇനിയും ഏറെ ദൂരം പോവേണ്ടിയിരിക്കുന്നു. സിനിമയില്‍ കണ്ടിട്ടുള്ള ആരാധനയില്‍ നിന്ന് രാഷ്ട്രീയക്കാരുടെ അടുപ്പത്തിലേക്ക് മാറേണ്ടിയിരിക്കുന്നു. രണ്ടും പേരും ആയുധമാക്കുന്നത് അഴിമതിയാണ്. തമിഴ്നാട് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് അഴിമതി തന്നെയാണ്.

അഴിമതി തമിഴ്നാട്ടില്‍ വലിയ പ്രശ്നം തന്നെയാണ്. അഴിമതി വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിറ്റലായി പരാതി നല്‍കാന്‍ ഉലകനായകന്‍ ആഹ്വാനം ചെയ്തപ്പോള്‍ അത് സര്‍ക്കാരിന് വലിയ തലവേദനയായി. സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നും വകുപ്പുകളുടെ ഫോണ്‍നമ്പറും ഇ മെയില്‍ അഡ്രസും സര്‍ക്കാരിന് നീക്കം ചെയ്യേണ്ടിവന്നു. താഴെത്തട്ടുമുതല്‍ അഴിമതി കൊണ്ട് വീര്‍പ്പുമുട്ടി. അതുകൊണ്ടാണ് താരങ്ങള്‍ അതുതന്നെ ആയുധമാക്കുന്നതും ജനത്തിന് വീണ്ടും പ്രതീക്ഷ നല്‍കുന്നതും.  

ദ്രാവിഡ രാഷ്ട്രീയത്തിന് നേരിയ പതര്‍ച്ച വന്നിട്ടുണ്ടെങ്കിലും ആ രാഷ്ട്രീയത്തെയും സംസ്കാരത്തെയും തൊട്ടുകളിക്കുക അത്ര എളുപ്പമല്ല. തങ്ങള്‍ ദ്രാവിഡ സംസ്കാരത്തിന് എതിരല്ലെന്ന് ബി.ജെ.പി പോലും പറയുന്നത് ആ ഭയത്തിന്‍റെ പുറത്താണ്. അത്രമാത്രം തൊട്ടാല്‍ പൊള്ളുന്നതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയം. 

തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുകയറാനുള്ള പതിനെട്ടടവും ബി.ജെ.പി പയറ്റുന്നുണ്ട്. നിലവിലെ തമിഴ്നാട്ടില്‍ അതിന് കഴിയും എന്നാണ് ആര്‍.എസ്.എസും കരുതിരുന്നത്. ആദ്യം ഒ.പി.എസിനെ വച്ചായിരുന്നു കരുനീക്കം . അത് ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയ ബി.ജെ.പി കളം മാറ്റി ചവിട്ടിയതായാണ് സൂചന. തമിഴ്നാട്ടില്‍ വേരുറപ്പിക്കുക അത്ര എളുപ്പമല്ലെന്ന് ആര്‍.കെ.നഗറില്‍ നോട്ടയ്ക്കും പിറകിലായപ്പോള്‍ ബി.ജെയപി നേതൃത്വത്തിന് മനസിലായിക്കാണും. രജനീകാന്തിന്‍റെ അപ്രതീക്ഷിതി രാഷ്ട്രീയ പ്രവേശനത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്നാണ് ആരോപണം. മുന്‍ ആര്‍.എസ്.എസ് താത്വികാചാര്യനായ ഗുരുമൂര്‍ത്തിയാണ് രജനിയുടെ ഇപ്പോഴത്തെ വഴികാട്ടി എന്നതാണ് ശ്രദ്ധേയം. രജനിയുടെ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും ബി.ജെ.പിയാണ്. ആരാധകരെ അണികളാക്കി മുന്നോട്ട്പോകാനുള്ള താരങ്ങളുടെ ശ്രമങ്ങള്‍ക്ക് എത്രമാത്രം സ്വീകാര്യത കിട്ടുമെന്നും ബി.ജെ.പി എങ്ങനെ ഇനിയുള്ള കരുനീക്കങ്ങള്‍ നടത്തുമെന്നതും ശ്രദ്ധേയമാണ്. ജീവിതത്തില്‍ പ്രചോദനം നല്‍കിയ മഹാവതാര്‍ ബാബാ ഗുരുവിന്‍റെ മുദ്രയാണ് രജനി ഉയര്‍ത്തിക്കാട്ടുന്നത്. ശ്രീരാമകൃഷ്ണ മഠത്തിന്‍റെ നാഗമുദ്രയും ചേര്‍ത്തുപിടിക്കുന്നുണ്ട് സ്റ്റൈല്‍ മന്നന്‍. ഹൈന്ദവ രാഷ്ട്രീയത്തിന്‍റെ ചുവയുള്ള ചുവടുകള്‍.

ചെയ്തു തീര്‍ക്കാനുള്ള സിനിമകള്‍ പൂര്‍ത്തിയാക്കി കമല്‍ ഉടനെത്തും. വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമൊക്കെ പുറത്തിറക്കി രജനി കമലിനെ കടത്തിവെട്ടി. അങ്ങനെ അങ്കം മുറുകുന്നുണ്ടെങ്കിലും തീവ്ര തമിഴ് വാദം പറയുന്നവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. രജനിയുടെ മറാത്ത ചരിത്രവരെ അവര്‍ തുറന്നുകാട്ടുന്നു. തമിഴ്നാട് ഭരിക്കാന്‍ തമിഴ് മുഖ്യമന്ത്രി തന്നെ വേണമെന്നാണ് വാദം.  

234 നിയമസഭ മണ്ഡലങ്ങളിലും ആളുകളെ നിര്‍ത്തി ജയിപ്പിക്കാനുള്ള ഊര്‍ജ്ജവും പ്രാപ്തിയും കമലിനും രജനിക്കും ഉണ്ടോ എന്ന ഉത്തരം കാലം നല്‍കും. കമലിനോടില്ലാത്ത വിയോജിപ്പ് പലര്‍ക്കും രജനിയോട് തോന്നുന്നത് അദ്ദേഹം മുന്നോട്ടുവെക്കുന്ന ആത്മീയ രാഷ്ട്രീയം കാരണമാണ്. വലിയ അപകടത്തിലേക്കാണ് രജനികാന്ത് തമിഴ്നാടിനെ കൊണ്ടുപേകുന്നതെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരുവരും വാഴണമെങ്കില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും തകരണം. അത് സാധ്യമാണോ എന്ന വലിയ ചോദ്യത്തിന്, അത്ര പെട്ടന്ന് ഉണ്ടാവില്ല എന്ന് തന്നെയാണ് ഉത്തരം.  

ആര്‍.കെ.നഗറിലെ പരാജയം കൊണ്ട് ഡി.എം.കെയെ തള്ളിപ്പറയാനാകില്ല. ടി.ടി.വി.ദിനകരന്‍റെ നീക്കങ്ങളിലൂടെ ഭരണം തന്നെ ഏത് നിമിഷവും താഴെവീണേക്കാം.. അങ്ങനെ കലങ്ങി മറിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കമല്‍ഹാസന്‍റെയും, രജനികാന്തിന്‍റെയും മോഹങ്ങള്‍ പൂവണിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.