അമ്മയാണ് മറക്കരുത് ...!

ജിഷ്ണുവിന് നീതിചോദിച്ചെത്തിയ അമ്മയോട് പൊലീസ് പരാക്രമം. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വലിച്ചിഴച്ചു. പിന്നെ അറസ്റ്റ്. നീതിതേടി നിരാഹാരസമരത്തിന്  തിരുവനന്തപുരത്തെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് അറസ്റ്റ് ചെ്യുകയായിരുന്നു. ബലപ്രയോഗത്തിനൊടുവില്‍ മഹിജയെ വലിച്ചിഴച്ചാണ് സമരമുഖത്തുനിന്ന് മാറ്റിയത്. ഡിജിപി ഓഫിസിനു മുന്നിൽ  സമരം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ് നടപടി. മഹിജയ്ക്കുനേരെയുണ്ടായ പൊലീസ് നടപടി തലസ്ഥാനത്ത് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചു.

രാവിലെ തന്നെ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും കണ്ട പൊലീസ്,  ഡി.ജി.പി ഓഫിസിന് മുന്നിൽ സമരം അനുവദിക്കില്ലെന്ന് തീർത്തുപറഞ്ഞു. എന്നാൽ  നീതി കിട്ടും വരെ സമരവുമായി മുന്നോട്ടുപോകുമെന്നായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കളുടെ ഉറച്ച നിലപാട്.  തുടർന്ന്,  ഡി.ജി.പി ഓഫിസിന് 100 മീറ്റർ അകലെവച്ച് മഹിജയെയും ബന്ധുക്കളെയും പൊലീസ് തടഞ്ഞു.

ഇതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു.  മഹിജയുമായി ചർച്ചയാകാമെന്ന ഡി.ജി.പി നിലപാട് പൊലീസ് ്അറിയിച്ചെങ്കിലും ചർച്ചകൾ നിരവധി നടന്നതാണെന്നും നടപടിയാണ് വേണ്ടതെന്നും ബന്ധുക്കൾ ആവർത്തിച്ചു. ഇതിനിടെ പൊലീസിന്റെ ബലപ്രയോഗത്തിൽ തളർന്ന മഹിജ റോഡിൽ കുഴഞ്ഞുവീണു.   മഹിജയെ  പൊലീസ് വലിച്ചിഴച്ച് നീക്കി, ഒപ്പം ബന്ധുക്കളെയും.

മഹിജയെയും ബന്ധുക്കളെയും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യവും പൊലീസ് വ്യക്തമാക്കിയില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹിജയെ പേരൂർക്കട ആശുപത്രിയിലേക്കാണ് എത്തിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും.