ഹമാസ് അംഗം മോതിരം സമ്മാനിച്ചു; വിവാഹാഭ്യര്‍ഥന നടത്തിയെന്ന് ഇസ്രയേല്‍ പെണ്‍കുട്ടി

ഹമാസ് ബന്ദിയാക്കിയ 18 കാരിയായ ഇസ്രയേല്‍ പെണ്‍കുട്ടിക്ക് തടവില്‍ ഹമാസ് സേനാംഗത്തിന്‍റെ വിവാഹാഭ്യര്‍ഥന. തടവിലുള്ള സമയത്ത് വിവാഹം കഴിക്കാനും മക്കളോടൊപ്പം ജീവിക്കാനും ഹമാസ് അംഗം ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. തടവില്‍ നിന്നും മോചിതയായ  നോഗ വെയ്സിനെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തി കിബ്ബട്ട്‌സ് ബീരിയില്‍ നിന്നുള്ള യുവതിയാണ് നോഗ. ബന്ദിയാക്കപ്പെട്ട പെണ്‍കുട്ടി 50 ദിവസമാണ് തടവില്‍ കഴിഞ്ഞത്.

തടവിലാക്കിയതിന് 14-ാം ദിവസം ഹമാസ് സേനാംഗം മോതിരം സമ്മാനിച്ചെന്ന് നോഗ പറയുന്നു. 'എല്ലാവരെയും മോചിപ്പിച്ചാലും നിന്നെ മോചിപ്പിക്കില്ല. എന്നോടൊപ്പം നമ്മുടെ മക്കളോടൊപ്പം ഇവിടെ കഴിയും' എന്നാണ് അയാള്‍ പറഞ്ഞതെന്നും നോഗ വ്യക്തമക്കി.  വെടിയേറ്റ് മരിക്കാതിരിക്കാന്‍ ചിരിച്ച് അഭിനയിക്കുകയായിരുന്നു എന്നും നോഗ കൂട്ടിച്ചേര്‍ത്തു.  

ഹമാസ് സേന വാതിലിന് നേരെ 40 ഷോട്ട് വെടിയുതിർത്താണ് വീട്ടിലേക്ക് എത്തിയതെന്ന് നോഗ പറയുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗമായി കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനാണ് അമ്മ പറഞ്ഞത്. എങ്കിലും ഹമാസ് തട്ടികൊണ്ടുപോവുകയായിരുന്നുവെന്നും നോഗ പറഞ്ഞു. ഹമാസ് ആക്രമണം നടത്തിയ ദിവസം നോഗയുടെ അമ്മ ഷിറിയെയും തട്ടികൊണ്ടുപോയിരുന്നു. ബന്ദിയാക്കപ്പെട്ട ഇവര്‍ ദിവസങ്ങള്‍ക്ക് ശേഷം തടവില്‍ ഒന്നിക്കുകയായിരുന്നു. ഹമാസ് സേനാംഗത്തിന് തന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സമ്മതിപ്പിക്കാനാണ് അമ്മയെ തനിക്കൊപ്പം ചേര്‍ത്തതെന്നും നോഗ പറയുന്നു. 50 ദിവസത്തോളം തടവില്‍ കഴിഞ്ഞ നോഗയും അമ്മയും നവംബര്‍ 25നാണ് മോചിതരാവുന്നത്.