കൊല്ലപ്പെട്ട പലസ്തീനിയന്‍ അമ്മയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തു; തീരാത്ത യുദ്ധക്കൊതി

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിയന്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തു.  ഗാസയിലെ റാഫാ നഗരത്തിലുണ്ടായ ആക്രമണത്തിലാണ് രണ്ട് വീടുകള്‍ പൂര്‍ണമായി നശിച്ചത്. ഇരുകുടുംബങ്ങളിലുമായി 13 കുട്ടികളുള്‍പ്പെടെ 19 പേര്‍  ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 1.4കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍ മുഹമ്മദ് സലാമ അറിയിച്ചു.

കുഞ്ഞിന്റെ അമ്മ സബ്രീന്‍ അല്‍ സക്കാനി 30ആഴ്ച ഗര്‍ഭിണിയായിരുന്നു. .  പിറന്നയുടനെ കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അമ്മയുടേയും അച്ഛന്റേയും പേരുള്‍പ്പെടെ എഴുതിയ സ്ലിപ്പ് കയ്യിലും നെഞ്ചിലുമായി ചേര്‍ത്തുവയ്ക്കാറുണ്ട്. പക്ഷേ അമ്മയ്ക്കൊപ്പം അച്ഛനും ഒരു സഹോദരിയും നഷ്ടപ്പെട്ട ഈ പെണ്‍കുഞ്ഞിന് രക്തസാക്ഷിയായ സബ്രീന്‍ അല്‍ സക്കാനിയുടെ കുഞ്ഞ് എന്നാണ് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ നാമം. ഇന്‍ക്യുബേറ്ററില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ചികിത്സയിലാണ് കുഞ്ഞ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂത്ത സഹോദരി മലകിന്  കുഞ്ഞനിയത്തിയാണേല്‍ റൗഹ് എന്ന പേരിടാനായിരുന്നു ആഗ്രഹമെന്ന് അമ്മാവന്‍ റാമി അല്‍ ഷേഖ് പറയുന്നു. നാലാഴ്ചയെങ്കിലും കുഞ്ഞിനെ ആശുപത്രിയില്‍ പരിചരിക്കേണ്ടി വരുമെന്നും അതിനുശേഷം മാത്രമേ കുഞ്ഞിനെ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവൂയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ഇസ്രയേല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്ന് പലസ്തീനിയന്‍ വക്താവ് പറയുന്നു. ഗാസയിലെ 2.3 മില്യണ്‍ ജനതയും റാഫാ നഗരത്തിലാണ് തിങ്ങിപ്പാര്‍ക്കുന്നത്. കൂടുതലും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.  ഈ മേഖലയില്‍ തന്നെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. 24 മണിക്കൂറിനിടെ 48 പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയതെന്ന് പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 34,000ത്തിനു മേലെ ആളുകള്‍ ഇപ്പോള്‍ തന്നെ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ പറയുന്നത്. ആയിരത്തോളം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെടിയൊച്ചകളും ചോരപ്പുഴകളും നിലയ്ക്കാതെ ഒഴുകുന്ന മേഖലയില്‍ ഈ പെണ്‍കുഞ്ഞിനെപ്പോലെ അനാഥമാകുന്ന ജന്‍മങ്ങളുടെ രോദനമാണ് കാതടപ്പിക്കുംവിധം കേള്‍ക്കാനാവുന്നത്, ഇനിയും തീര്‍ന്നില്ലേ യുദ്ധക്കൊതിയെന്നാണ് മനസാക്ഷിയുള്ള മനസുകള്‍ക്ക് ചോദിക്കാനുള്ളത്. 

Baby in Gaza saved from womb of mother killed in Israel attack