കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ കൊന്നതാര്?; സമൂഹമാധ്യമങ്ങളില്‍ വ്യാപകചര്‍ച്ച

പാക്കിസ്ഥാനിലെ ലാഹോറില്‍വച്ച് കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ വെടിവച്ചുകൊന്ന അജ്ഞാതരെ തിരഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച. 2013ല്‍ ചാരക്കുറ്റം ആരോപിക്കപ്പെട്ട് പാക് ജയിലിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജീത് സിങ്ങിനെ മര്‍ദിച്ചുകൊന്നയാളാണ് ആമിര്‍ സര്‍ഫറസ്. കര്‍മഫലമാണ് ആമിര്‍ സര്‍ഫറസിനെ തേടിയെത്തിയതെന്ന് സരബ്ജീതിന്‍റെ മകള്‍ പറഞ്ഞു.  

ഞായറാഴ്ചയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആമിര്‍ സര്‍ഫറസിനെ ലാഹോറിലെ ഇസ്‍ലാംപുരയില്‍വച്ച് പട്ടാപ്പകല്‍ വെടിവച്ചുകൊന്നത്. ലാഹോര്‍ ഡോണ്‍, ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ഹാഫിസ് സയിദിന്‍റെ അടുപ്പക്കാരന്‍, വിശേഷണങ്ങള്‍ ഏറെയുള്ള ആളാണ് ആമിര്‍ സര്‍ഫറസ്. 2013 മേയ് രണ്ടിനാണ് ഇന്ത്യന്‍ പൗരനായ സരബ്ജീത് സിങ്് കൊല്ലപ്പെട്ടത്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് ആമിര്‍ സര്‍ഫറസും കൂട്ടാളി മുദ്ദസാറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതാണ് സരബ്ജീത്തിന്‍റെ മരണത്തിലേക്ക് നയിച്ചത്. സരബ്ജീത്് കൊല്ലപ്പെട്ട് 11 വര്‍ഷം പിന്നിടുമ്പോള്‍ ആമിര്‍ സര്‍ഫറസിനെ തേടി മരണമെത്തി. കര്‍മഫലമാണിതെന്നും കൊലയ്ക്ക് പിന്നില്‍ പാക് സര്‍ക്കാരെന്നും സരബ്ജീത് സിങ്ങിന്‍റെ മകള്‍. 

പാക് ജയിലില്‍വച്ച് നടന്ന കൊലപാതകമാണെങ്കിലും ആമിര്‍ സര്‍ഫറസും കൂട്ടാളി മുദ്ദസാറും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരായി. പഞ്ചാബിലെ താണ്‍ തരനില്‍നിന്നുള്ള സരബ്ജീതിനെ 1990ല്‍ പാക് പഞ്ചാബില്‍വച്ച് നടന്ന ബോംബ് സ്ഫോടനങ്ങളില്‍ പ്രതിചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. പിന്നീട് വധശിക്ഷയ്ക്ക് വിധിച്ചു. മാസ്ക് വച്ച ഒരാളും ഹെല്‍മറ്റ് വച്ച ഒരാളുമാണ് ബൈക്കിലെത്തി ആമിര്‍ സര്‍ഫറസിനെ വെടിവച്ചുകൊന്നത് എന്ന് മാത്രമാണ് പാക് പൊലീസിന് ഇതുവരെ കണ്ടെത്താനായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പാക് മണ്ണില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ടെന്ന ബ്രിട്ടിഷ് മാധ്യമമായ ദ് ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്കകമാണ് പാക് മണ്ണില്‍ വീണ്ടും അജ്ഞാതരുടെ ആക്രമണം.

Searching for unknown persons who shot dead criminal Aamir Sarfaras in Lahore, widespread discussion on social media