biden-gaza

പ്രസിഡന്റ് ജോ ബൈഡന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍. ചൊവ്വാഴ്ച്ച വൈറ്റ് ഹൗസില്‍ നടത്താനിരുന്ന റംസാന്‍ വിരുന്നാണ് നേതാക്കള്‍ ബഹിഷ്‌കരിച്ചത്.  ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മുസ്​ലിം നേതാക്കള്‍ ഇഫ്താര്‍ വിരുന്ന് ബഹിഷ്കരിച്ചത്. ഇതോടെ ഇഫ്താർ സംഗമം റദ്ദാക്കിയതായി അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എഡ്വാര്‍ഡ് അഹ്മദ് മിച്ചല്‍ അറിയിച്ചു.

 

ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിക്കിടാനും കശാപ്പ് ചെയ്യാനും ഇസ്രായേൽ സർക്കാരിനെ പ്രാപ്തരാക്കുന്ന അതേ വൈറ്റ് ഹൗസില്‍ ഇരുന്നുകൊണ്ട് ബ്രെ‍ഡും കഴിച്ച് നോമ്പ് തുറക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് അമേരിക്കയിലെ മുസ്​ലിം വിഭാഗങ്ങള്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതായി ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മിച്ചല്‍ പറഞ്ഞു. അതേസമയം ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് അനൗചിത്യമാണെന്ന് ജോ ബൈഡന്റെ ക്ഷണം നിരസിച്ചുകൊണ്ട് എമ്ഗേജ് എന്ന മുസ്‌ലിം സംഘടനാ നേതാവ് വായ്ല്‍ അല്‍സയാത്ത് പറഞ്ഞു.

 

വൈറ്റ് ഹൗസിന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നിരസിക്കണമെന്ന് മറ്റ് മുസ്​ലീം നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദും പറഞ്ഞു. ഗാസയിലെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതുവരെ അല്ലെങ്കില്‍ അത്തരമൊരു ആവശ്യം ഉന്നയിക്കുന്നതുവരെ ജോ ബൈഡനുമായോ അദ്ദേഹത്തിന്‍റെ പ്രതിനിധികളുമായോ ഒരു കൂടിക്കാഴ്ചയും ഉണ്ടാകില്ല എന്ന സന്ദേശമാണ് ഇതിലൂടെ ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് നിഹാദ് അവാദ് പറഞ്ഞു. ‌‌‌

 

'ഞങ്ങള്‍ വിശ്വസിക്കുന്നത് ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏകവ്യക്തി പ്രസിഡന്റാണ് എന്നാണ്. അദ്ദേഹം ഫോണെടുത്ത് ബെഞ്ചമിന്‍ നെതന്യാഹുവിനോട് 'ഇനി ആയുധങ്ങളില്ല, ഒന്നിത് നിര്‍ത്തൂ' എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടാകില്ലെ'ന്നും നിഹാദ് പറഞ്ഞു. ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇസ്രയേല്‍ ആക്രമണത്തില്‍ 33,000-ത്തിലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Muslim leaders decline White House Ramadan invitation