സൈബര്‍ അറ്റാക്കോ? മൂന്നാം ലോക യുദ്ധമോ? കപ്പലിടിച്ച് പാലം തകര്‍ന്നതില്‍ ദുരൂഹത!

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ച കാരണം തേടുകയാണ് ലോകം. എഞ്ചിന്‍ തകരാര്‍, സ്റ്റിയറിങ് തകരാര്‍, മറ്റ് മാനുഷികമായ പിഴവുകള്‍ അപകടത്തിലേക്ക് നയിച്ചുണ്ടാവാം എന്ന അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അപകടത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന വാദങ്ങളും ശക്തമായി ഉയരുന്നു. 

അപകടത്തിലേക്ക് നയിച്ചതിന് പിന്നില്‍ സൈബര്‍ ആക്രമണമാവാം എന്നതാണ് ഗൂഡാലോചന ആരോപിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു കാരണം. 300 മീറ്റര്‍ നീളമിള്ള കപ്പല്‍ സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ടാവാമെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുയന്‍സറായ ആന്‍ഡ്ര്യു ട്വീറ്റ് ചെയ്യുന്നു. 9 മില്യണ്‍ ഫോളോവേഴ്സാണ് ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുയന്‍സര്‍ക്കുള്ളത്. ലൈറ്റുകള്‍ അണയുകയും പാലത്തിന് നേര്‍ക്ക് മനപൂര്‍വം തിരിക്കുകയുമായിരുന്നു എന്നാണ് ആന്‍ഡ്ര്യു ട്വീറ്റ് ചെയ്തത്. 

തീവ്രവാദി ആക്രമണം എന്നതിന്റെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബാല്‍ട്ടിമോര്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചെങ്കിലും പല ഭാഗങ്ങളില്‍ നിന്ന് ഉയരുന്ന ഗൂഡാലോചന സിദ്ധാന്തങ്ങളില്‍ തീവ്രവാദം എന്ന വാദവും ഉണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നതാണ് മറ്റൊരു വാദം. ഇസ്രയേല്‍–പലസ്തീന്‍ വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വോട്ടിങ്ങില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതിന്റെ പേരില്‍ നടന്ന ആക്രമണമാവാം ഇതെന്നാണ് ആരോപണങ്ങളില്‍ മറ്റൊന്ന്. അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതിരുന്നതിന് ഇസ്രയേല്‍ നല്‍കിയ മറുപടിയാണ് ഇതെന്നും വാദം ഉയരുന്നു. 

മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിലേക്ക് നയിക്കാന്‍ പോകുന്ന സംഭവം എന്നുള്‍പ്പെടെ ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടത്തെ കുറിച്ച് വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിഗ്രീറ്റ് മറൈന്‍ ടെര്‍മിനലില്‍ നിന്ന് ചൊവ്വാഴ്ച അര്‍ധ രാത്രി 12.24ഓടെ യാത്ര തുടങ്ങിയ 48 മീറ്റര്‍ വീതിയുള്ള ദാലി കപ്പല്‍ യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഗതി മാറുകയായിരുന്നു. കപ്പലിലെ വെളിച്ചം അണയുകയും പുക ഉയരുകയും ചെയ്തു. പിന്നാലെ പാലത്തിന്റെ തൂണിലിടിക്കുകയായിരുന്നു. 

mysteries behind baltimore ship accident