ബാള്‍ട്ടിമോര്‍ അപകടം: കപ്പലിലെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപ കാര്‍ട്ടൂണ്‍

ബാള്‍ട്ടിമോര്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപവുമായി സമൂഹമാധ്യമത്തില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു. പാലത്തില്‍ കപ്പലിടിക്കാന്‍ പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുടെ സംഭാഷണം എന്ന പേരിലാണ് ഗ്രാഫിക്കല്‍ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നത്. മാർച്ച് 26 ചൊവ്വാഴ്ചയാണ് യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ ബാൾട്ടിമോറിൽ ഡാലി എന്ന ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകര്‍ന്നത്. ഫ്രാൻസിസ് സ്കോട് കീ ബ്രിജ് ആണ് അപകടത്തിൽ തകര്‍ന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വംശീയ അധിക്ഷേപം ലക്ഷ്യം വച്ചുളള കാര്‍ട്ടൂണ്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.

അതേസമയം ഇന്ത്യക്കാരെ ലക്ഷ്യം വച്ചുളള പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ അപഹസിക്കുകയും അപകടത്തെക്കുറിച്ചും ജീവനക്കാരെ കുറിച്ചും തെറ്റിധാരണ പരത്തുന്നതുമാണ് ഈ കാര്‍ട്ടൂണെന്നും ആക്ഷേപമുയരുകയാണ്. കപ്പല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ അപകടസാധ്യത കുറയ്ക്കാന്‍ സഹായിച്ചെന്നും കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. 

കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പല്‍ ജീവനക്കാര്‍ മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു. കപ്പല്‍ ജീവനക്കാരുടെ സന്ദേശം ലഭിച്ചയുടന്‍ പാലത്തിലൂടെയുളള ഗതാഗതം തടയാനായായത് വലിയ ദുരന്തം ഒഴിവാക്കി. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെതാണ് അപകടത്തില്‍പ്പെട്ട കപ്പല്‍. ശ്രീലങ്കയിലേക്കു ചരക്കുമായി പോകുകയായിരുന്ന കപ്പലില്‍ 22ഓളം ജീവനക്കാരാണ് ഇന്ത്യക്കാരായി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

അപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ച ഒന്നല്ലെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ട ഫെഡറല്‍ സൗകര്യങ്ങള്‍ അയക്കുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികളിലേര്‍പ്പെട്ടിരുന്ന എട്ടോളം ‍ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്തു. 

Baltimore Bridge Collapse; 'Racist' Cartoon Targets Indian Crew On Ship