ഡിഗ്രിയുണ്ടോ? യുകെയിലേക്ക് പറക്കാം; അപേക്ഷിക്കേണ്ട സമയപരിധി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 വരെ

ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കായി സുവര്‍ണാവസരം തുറന്നിട്ട് ബ്രിട്ടണ്‍. ഇന്ത്യ യങ് പ്രഫഷണല്‍ സ്കീമിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് വീസ നല്‍കും. ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ 22ന് ഉച്ചയ്ക്ക് 2.30 വരെ ബാലറ്റ് സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ബാലറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ. യുകെ ഹൈക്കമ്മിഷന്‍ വെബ്സൈറ്റിലാണ് ബാലറ്റ് സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള വീസ ലഭിക്കും. 

അപേക്ഷകര്‍ക്കുവേണ്ട യോഗ്യതകള്‍ ഇവയാണ്

1. ഇന്ത്യന്‍ പൗരനായിരിക്കണം

2. പ്രായം 18 മുതല്‍ 30 വയസുവരെ (യുകെയിലേക്ക് പുറപ്പെടുന്ന ദിവസം 18 വയസ് തികഞ്ഞിരിക്കണം)

3. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – യുകെ ലെവല്‍ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ വിദേശ ഡിഗ്രി (https://www.gov.uk/what-different-qualification-levels-mean/list-of-qualification-levels)

4. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 2530 പൗണ്ട് ഉണ്ടായിരിക്കണം (2,65,000 രൂപ). 28 ദിവസമെങ്കിലും തുടര്‍ച്ചയായി ഈ തുക അക്കൗണ്ടിലുണ്ടാകണം.

5. പതിനെട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ ഒപ്പമുള്ളവരാകരുത്

6. ഇപ്പോള്‍ യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല

7. യൂത്ത് മൊബിലിറ്റി സ്കീം വീസ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാകരുത്

ഇന്ത്യ യങ് പ്രഫഷണല്‍ സ്കീമില്‍ ലഭിക്കുന്ന ബാലറ്റുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 3000 പേര്‍ക്ക് വീസ നല്‍കുക. ഇതില്‍ ഭൂരിഭാഗവും അടുത്ത രണ്ടുദിവസം തന്നെ തിരഞ്ഞെടുക്കും. ശേഷിച്ചവ ജൂലൈയിലെ ബാലറ്റിലും നല്‍കും. യൂറോപ്പില്‍ കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാകും ഇത്. 

തിരഞ്ഞെടുക്കപ്പെടുന്നവരെ വീസയ്ക്ക് അപേക്ഷിക്കാന്‍ ക്ഷണിക്കും. ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്ന് ഇമെയില്‍ ലഭിച്ച് 90 ദിവസത്തിനകം ഓണ്‍ലൈനില്‍ വീസയ്ക്ക് അപേക്ഷിക്കണം. വീസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് തുടങ്ങി മറ്റ് ഫീസുകള്‍ ഈടാക്കും. തിര​ഞ്ഞെടുക്കപ്പെട്ടശേഷം വീസയ്ക്ക് അപേക്ഷിക്കേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ ഹൈക്കമ്മീഷനെ അറിയിക്കേണ്ടതില്ല. ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ നിരാശപ്പെടേണ്ട. അടുത്ത ബാലറ്റില്‍ അപേക്ഷിക്കാം.

UK Offers 3000 visas to Indian professionals through ballot system