Donald Trump | മൂവായിരം കോടി രൂപ പിഴ; ട്രംപ് കുത്തുപാള എടുക്കുമോ? എങ്ങനെ നേരിടും?

355 മില്യൻ ഡോളർ (2947 കോടി രൂപ)! സാമ്പത്തിക തിരിമറിക്കേസിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ന്യൂയോർക്ക് സിവിൽ കോടതി വിധിച്ച പിഴയാണിത്. ശതകോടിശ്വരനാണെങ്കിലും ട്രംപിൻ്റെയും കമ്പനികളുടെയും നടുവൊടിക്കുന്ന വിധിയാണ് ജസ്റ്റിസ് ആർതർ എൻഗൊറോണിൻ്റേത്. ന്യൂയോർക്കിൽ റജിസ്റ്റർ ചെയ്ത ഒരു ബാങ്കും ട്രംപിനോ അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങൾക്കോ വായ്പ നൽകരുതെന്നും കോടതി വിധിച്ചതോടെ കയ്യിലുള്ള പണം തന്നെ ചെലവിടേണ്ട നിലയിലാണ് ട്രംപ്. അടുത്ത മൂന്നുവർഷം ന്യൂയോർക്കിൽ ഒരു കമ്പനിയിലും പ്രധാനപദവികൾ വഹിക്കാനും ട്രംപിന് കഴിയില്ല. നവംബറിൽ പ്രസിഡൻ്റ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ട്രംപ് എങ്ങനെ ഇതിനെ നേരിടും?

എന്താണ് ന്യൂയോർക്ക് സിവിൽ കേസ്?

ആസ്തികളുടെ മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച് വൻ നേട്ടമുണ്ടാക്കി എന്നതാണ് ട്രംപിനും കമ്പനികൾക്കുമെതിരായ കേസ്. വാർഷിക ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റുകളിൽ കൃത്രിമം കാട്ടിയാണ് ബാങ്കുകളിൽ നിന്ന് അനുകൂലമായ വായ്പാ വ്യവസ്ഥകൾ തരപ്പെടുത്തിയത്. ഈ സ്റ്റേറ്റ്മെൻ്റുകൾ പ്രകാരം ഏതാനും വർഷങ്ങൾ കൊണ്ട് ട്രംപിൻ്റെ ആസ്തിയിൽ 200 കോടി ഡോളറിൻ്റെ (16603 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2022ൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് സമർപ്പിച്ച ലോ സ്യൂട്ടിൽ കഴിഞ്ഞ ഒക്ടോബറിലാണ് വിചാരണ ആരംഭിച്ചത്. ജൂറി ഇല്ലാതെ ജഡ്ജ് നേരിട്ടാണ് വിചാരണയും വിധിപ്രസ്താവവും നടത്തിയത്. കേസ് ഇനി അപ്പീൽ കോടതിയിലേക്ക് പോകും.

ട്രംപിന് പിഴ അടയ്ക്കാൻ ശേഷിയുണ്ടോ?

ട്രംപിൻ്റെ യഥാർഥ ആസ്തിയെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരം ആർക്കുമില്ല. ട്രംപിന് 2.6 ബില്യൻ ഡോളർ (215,84 കോടി രൂപ) ആസ്തിയുണ്ടെന്നാണ്  ഫോർബ്സ് മാസികയുടെ അനുമാനം. ഇതിലേറെയും റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടതാണ്. ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് മേഖലയാണ് ട്രംപിനെ ഇന്നത്തെ ട്രംപാക്കിയത്. വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളം സ്ഥാപനങ്ങളിലും സംരംഭങ്ങളിലും ട്രംപിന് പങ്കാളിത്തമുണ്ടെന്ന് കണക്കാക്കുന്നു. 400 മില്യൻ ഡോളർ (3320 കോടി രൂപ) പണമായി കൈവശമുണ്ടെന്നാണ് ട്രംപ് ഏപ്രിലിൽ മറ്റൊരു കേസിൽ മൊഴി നൽകിയത്. മൂവായിരം കോടി രൂപയുടെ പിഴയടക്കാൻ ഈ പണം ഉപയോഗിക്കേണ്ടിവന്നാൽ കൈവശമുള്ള പണം തീരും. എഴുത്തുകാരി ഴാങ് കാരൾ നൽകിയ അപകീർത്തിക്കേസിൽ കോടതി വിധിച്ച 83 മില്യൻ ഡോളർ (689 കോടി രൂപ) പിഴ അടയ്ക്കാൻ പിന്നെയും പണം കണ്ടെത്തണം. സമാനമായ മറ്റ് ചിലകേസുകളിലും ട്രംപിന് വൻതുക പിഴയടക്കാനുണ്ട്. 

ഫോർബ്സ് മാസിക 2023 ഒക്ടോബറിൽ പുറത്തുവിട്ട അമേരിക്കയിലെ സമ്പന്നരുടെ പട്ടികയിൽ ആദ്യ നാന്നൂറിൽപ്പോലും ട്രംപ് ഇല്ലായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖല ലോകമെങ്ങും തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ ഓഹരികളുടെ മൂല്യം എത്രയുണ്ടെന്ന് കണ്ടുതന്നെ അറിയണം. രാഷ്ട്രീയവും ബിസിനസുകാരനായ ട്രംപിന് വൻ നഷ്ടമാണ് വരുത്തിയത്. സോഷ്യൽ മീഡിയ കമ്പനിയായ ട്രൂത്ത് സോഷ്യലിലെ ഓഹരി വിൽക്കാൻ ട്രംപിന് യുഎസ് സാമ്പത്തിക റഗുലേറ്ററി ഏജൻസികൾ അനുമതി നൽകിയിരുന്നു. ഇത് യാഥാർഥ്യമായാൽ ട്രംപിന് ഈ വർഷം വലിയ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

പിഴയടയ്ക്കാൻ എത്ര സമയമുണ്ട്?

ന്യൂയോർക്ക് സിവിൽ കേസിൽ അപ്പീൽ നൽകുമെന്ന് ട്രംപിൻ്റെ അഭിഭാഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സമാന കേസുകളിലെ യുഎസ് കീഴ്​വഴക്കമനുസരിച്ച് വിചാരണ കോടതി വിധിച്ച പിഴയും പലിശയും കെട്ടിവച്ചുവേണം അപ്പീൽ നൽകാൻ. ഒന്നുകിൽ കൈവശമുള്ള പണം മുഴുവൻ കെട്ടിവയ്ക്കാം. അല്ലെങ്കിൽ ആസ്തികൾ പണയപ്പെടുത്തി ബാങ്കുകളിൽ നിന്ന് 'അപ്പീൽ ബോണ്ട്' വാങ്ങി നൽകാം. വിധി പ്രസ്താവിച്ച അന്നുമുതൽ 30 ദിവസത്തിനകം പണമടയ്ക്കുകയോ ബോണ്ട് നൽകുകയോ വേണം. ട്രംപ് വായ്പയെടുക്കാൻ ആസ്തികൾ പെരുപ്പിച്ചുകാട്ടിയെന്നും നുണപറഞ്ഞെന്നും കോടതി വിധിച്ച സാഹചര്യത്തിൽ ബാങ്കുകൾ ഇതിന് തയാറാകുമോ എന്ന് കണ്ടറിയണം. അപ്പീലിൽ തീരുമാനമെടുക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരും. ആ കാലയളവിൽ വിചാരണ കോടതി വിധി സ്റ്റേ ചെയ്യാൻ അപ്പീൽ കോടതി തയാറാകുമോയെന്നും ഉറപ്പില്ല. 

പ്രചാരണ ഫണ്ട് ഉപയോഗിക്കാമോ?

പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിച്ചപണം ഉപയോഗിച്ച് പിഴയടയ്ക്കാൻ ട്രംപിന് കഴിയില്ല. കാരണം ന്യൂയോർക്ക് കേസിന് തിരഞ്ഞെടുപ്പുമായോ പ്രചാരണവുമായോ പ്രസിഡൻ്റ് എന്ന നിലയിലുള്ള ട്രംപിൻ്റെ പ്രവർത്തനങ്ങളുമായോ സ്ഥാനാർഥിയെന്ന നിലയിലുള്ള പ്രവൃത്തികളുമായോ ബന്ധമില്ല എന്നതുതന്നെ. ആരോപണങ്ങളും കേസും രാഷ്ട്രീയപ്രേരിതമാണെന്ന് ട്രംപും അനുകൂലികളും ആരോപിക്കുന്നുണ്ടെങ്കിലും ശിക്ഷ വിധിച്ചത് വ്യക്തിപരമായി ചെയ്ത തെറ്റുകളുടെയും കുറ്റങ്ങളുടെയും പേരിലാണ് എന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.

പിഴയടച്ചില്ലെങ്കിൽ?

സിവിൽ വഞ്ചനക്കേസിൽ പിഴയടയ്ക്കാൻ വൈകുകയോ വിസമ്മതിക്കുകയോ ചെയ്താൽ ട്രംപിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാം. കൂടുതൽ പിഴയും വിധിക്കാൻ സാധ്യതയുണ്ട്. വിവിധ സ്ഥാപനങ്ങളിൽ വഹിക്കുന്ന പദവികളിൽ നിന്ന് ട്രംപിന് ലഭിക്കുന്ന ശമ്പളം പിടിച്ചെടുക്കാൻ പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടാം. ജയിൽ ശിക്ഷയ്ക്കും വകുപ്പുണ്ട്. എന്നാൽ അതിനുള്ള സാധ്യത കുറവാണ്. 

How will Trump pay his 355 million dollar civil fraud judgment?