ഓസ്ട്രേലിയയിലെ ക്വീന്‍സ്​ലാന്‍ഡില്‍ പ്രളയം; ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

ഫയല്‍ ചിത്രം

ഓസ്ട്രേലിയയിലെ ക്വീന്‍സ്​ലാന്‍ഡില്‍ പ്രളയത്തില്‍പ്പെട്ട് ഇന്ത്യക്കാരി മരിച്ചു.  മൗണ്ട് ഈസയ്ക്കടുത്ത് നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കമ്മിഷന്‍ സമൂഹ മാധ്യമായ എക്സി(ട്വിറ്റര്‍)ലൂടെ അറിയിച്ചു. അതേസമയം, മരിച്ച സ്ത്രീയുടെ പേരോ, പ്രായമോ മറ്റ് വിവരങ്ങളോ കമ്മിഷന്‍ വെളിപ്പെടുത്തിയിട്ടില്ല. 

കനത്തമഴയും ഇടിമിന്നലും ക്വീന്‍സ്​ലാന്‍ഡില്‍ തുടരുകയാണ്. വെള്ളക്കെട്ടുകള്‍ക്ക് സമീപത്ത് കൂടിയുള്ള യാത്ര ഒഴിവാക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

അതേസമയം,  മൗണ്ട് ഈസയ്ക്ക് സമീപം പ്രളയത്തില്‍പ്പെട്ട് മരിച്ച നിലയില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളക്കെട്ട് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രളയജലത്തില്‍പ്പെട്ടുപോയതാണെന്ന് സംശയിക്കുന്നതായും ക്വീന്‍സ്​ലാന്‍ഡ് പൊലീസ് വെളിപ്പെടുത്തി.  

Indian national dies in flooding, queensland, australia