ചിത്രം;AP

ചിത്രം;AP

എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ ക്രാഷ് ലാന്‍ഡിങ് നടത്തിയ വിമാനം കാറിലും ട്രക്കിലുമിടിച്ച് തീപിടിച്ച് രണ്ട് മരണം. തെക്ക് പടിഞ്ഞാറന്‍ ഫ്ലോറിഡയില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒഹിയോയില്‍ നിന്നും നേപ്പിള്‍സിലേക്ക് പോയ ബൊംബാര്‍ഡിയന്‍ ചാലഞ്ചര്‍ 600 എന്ന സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ട് തീപിടിച്ചത്. അഞ്ചുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

flight-crash-11

 

രണ്ട് എഞ്ചിനുകളും തകരാറിലായതോടെയാണ് വിമാനം റോഡില്‍ അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. ചിറകില്‍ കുടുങ്ങിയ കാറിനെ മീറ്ററുകളോളം വിമാനം വലിച്ചുകൊണ്ടുപോയെന്നും പിന്നീടാണ് ഹൈവേസൈഡിലെ മതിലില്‍ ഇടിച്ച് നിന്നതെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ലാന്‍ഡിങിന് മിനിറ്റുകള്‍ മുന്‍പ് തന്നെ വിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായിരുന്നു. കാറിലും ട്രക്കിലും ഇടിച്ചതോടെ വിമാനത്തില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. കനത്ത പുകയും തീയും വിമാനത്തില്‍ നിന്നുയരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപെട്ടെന്ന് ഹൈവേ പട്രോള്‍ സംഘം വെളിപ്പെടുത്തി. എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിലുണ്ടായിരുന്നവരാണോ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

Florida plane crash killed two in US highway, Probe