സ്വവര്‍ഗ ദമ്പതിമാരെ ആശീര്‍വദിക്കാന്‍ വൈദികരെ അനുവദിച്ച് മാര്‍പാപ്പ; സമ്മിശ്ര പ്രതികരണം

ആരാധനാക്രമങ്ങളുടെയും കൂദാശകളുടെയും അകമ്പടിയില്ലാതെ സ്വവര്‍ഗ ദമ്പതിമാരെ ആശീര്‍വദിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലാണെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് തന്നെയാണ് വത്തിക്കാന്‍ പുതിയ രേഖ പുറത്തിറക്കിയത്. ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും വത്തിക്കാന്‍ രേഖയില്‍ വ്യക്തമാക്കി. 

വിവാഹ വസ്ത്രങ്ങളോടു കൂടിയോ, വിവാഹ ചടങ്ങിനോടനുബന്ധിച്ചോ ഇത്തരം ആശീര്‍വാദം നടത്തരുത്. ആശ്രമത്തിലോ, തീര്‍ഥാനത്തിനിടയിലോ, വൈദികരെ സ്വകാര്യമായി കണ്ടോ, പ്രാര്‍ഥനായോഗങ്ങള്‍ക്കിടയിലോ അനുഗ്രഹം നല്‍കാമെന്നും രേഖ പറയുന്നു. കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ഒപ്പിട്ട ശാസനം പോപ്പിന്റെ അംഗീകാരത്തോടെ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. പുതിയ ശാസനം വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത ശാസനത്തില്‍ ഭേദഗതി വരുത്തുന്നില്ലെന്നും ഈ ആശീര്‍വാദത്തോട് അനുബന്ധിച്ച് ആചാരങ്ങളൊന്നും അനുവദിക്കാത്തതിനാല്‍ വിവാഹമെന്ന പരിപാവനമായ കൂദാശയുമായി ചേർത്ത് വായിക്കേണ്ടതില്ലെന്നും രേഖ വിശദീകരിക്കുന്നു. 

മനുഷ്യരുടെ അംഗീകാരം ലഭിച്ച തങ്ങളുടെ ജീവിതം കൂടുതല്‍ നന്നായിരിക്കാനും സൗഖ്യത്തോടും സന്തോഷത്തോടും കൂടെയാകാനും ജനം പരിശുദ്ധാത്മാവിന്റെ അനുഗ്രഹം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ ധാര്‍മിക വിചാരണ നടത്തി അവരെ ദൈവത്തില്‍ നിന്നും സഭയില്‍ നിന്നും അകറ്റരുതെന്നും അനുഗ്രഹം അവരെ ദൈവവുമായി കൂടുതല്‍ അടുപ്പിക്കുമെന്നും രേഖയില്‍ പറയുന്നു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാവണം ഇക്കാര്യത്തില്‍ പുരോഹിതന്‍മാര്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും വത്തിക്കാനില്‍ ചേര്‍ന്ന ബിഷപുമാരുടെ സിനഡില്‍ അഞ്ച് യാഥാസ്ഥിതിക കര്‍ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായി വത്തിക്കാന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക മാറ്റം ഒക്ടോബര്‍ മുതല്‍ വരുത്തിയിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു. 

സഭാ ചുമതലകളിലേക്ക് ലൈംഗികന്യൂനപക്ഷങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നുവെന്നാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ ജസ്യൂട്ട് പുരോഹിതനായ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പറഞ്ഞത്. സ്‌നേഹജീവിതത്തില്‍ ദൈവിക സാന്നിധ്യം ഉറപ്പുവരുത്തണമെന്ന സ്വവര്‍ഗ ദമ്പതിമാരായ കത്തോലിക്കാ വിശ്വാസികളുടെ ഹൃദയത്തിലെ ആഗ്രഹമറിഞ്ഞ തീരുമാനമെന്നും വ്യക്തിപരമായും സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. 

അതേസമയം പോപ്പിന്റെ പുതിയ പ്രഖ്യാപനം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ജനിപ്പിക്കുമെന്ന വിമര്‍ശനം യഥാസ്ഥിതിക വിഭാഗം ഉയര്‍ത്തുന്നു. സഭയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഈ തീരുമാനം കാരണമാകുമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. 

സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്ന് മാര്‍പാപ്പ പറഞ്ഞത് ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പോപ്പിന്റെ അഭിപ്രായം വളച്ചൊടിച്ചതാണെന്ന് വത്തിക്കാന്‍ പിന്നീട് വിശദീകരിച്ചിരുന്നു. സഭയുടെ ധാര്‍മിക നിലപാടുകളിലും ശാസനങ്ങളിലും കാതലായ മാറ്റം വരുത്താതെ തന്നെ  ലൈംഗികന്യൂനപക്ഷങ്ങളെ സഭയോട് ചേര്‍ത്ത് നിര്‍ത്താനും ഉള്‍ക്കൊള്ളാനുമുള്ള മാര്‍പാപ്പയുടെ അനുഭാവപൂര്‍ണമായ നടപടിയായി ഇതിനെ വിലയിരുത്തുന്നവരും ചെറുതല്ല.

Pope allows priests to bless same-sex couples