'അത് റൂബിയോ തിന്നില്ല'; ബഹിരാകാശത്ത് കാണാതെ പോയ തക്കാളികള്‍ കണ്ടെത്തി

ബഹിരാകാശത്തെ വിളവെടുപ്പിനിടെ കാണാതെ പോയ രണ്ട് തക്കാളികള്‍ ഒരു വര്‍ഷത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ബഹിരാകാശത്തെ നിഗൂഡതകള്‍ തേടിയുള്ള പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇടയിലാണ് ബഹിരാകാശ യാത്രികന്‍ ഫ്രാങ്ക് റുബിയോയെ അസ്വസ്ഥനാക്കി കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് തക്കാളികള്‍ അപ്രത്യക്ഷമായത്. തക്കാളികള്‍ കണ്ടെത്തിയതിന്റെ കൗതുകം പങ്കുവെച്ച് എത്തുകയാണ് നാസ ഇപ്പോള്‍. ‌

ബഹിരാകാശ നിലയത്തിലെ വെജ്–5 കൃഷി പരീക്ഷണത്തിന്റെ ഭാഗമായി മണ്ണ് ഇല്ലാതെയുള്ള കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത തക്കാളികളാണ് ഇത്. രണ്ട് സെന്റീമീറ്റര്‍ വ്യാസമുള്ള തക്കാളികളാണ് ഈ പരീക്ഷണത്തിലൂടെ വിളയിച്ചത്. വിളവായി കിട്ടിയ തക്കാളികള്‍ ബഹിരാകാശ നിലയത്തിലെ യാത്രികര്‍ തുല്യമായി വീതിച്ചു. എന്നാല്‍ സിപ്ലോക് ബാഗില്‍ സൂക്ഷിച്ച റൂബിയോയുടെ തക്കാളി റൂബിയോ കടിക്കുന്നതിന് മുന്‍പ് തന്നെ പറന്ന് പോകുകയായിരുന്നു. 

എട്ടു മുതല്‍ 20 മണിക്കൂര്‍ വരെ കാണാതെ പോയ തക്കാളികള്‍ തിരഞ്ഞ് താന്‍ സമയം കളഞ്ഞിട്ടുണ്ടെന്നാണ് റൂബിയോ പറയുന്നത്. 'അജ്ഞാതവാസ'ത്തിന് പിന്നാലെ തക്കാളി ചെറുതായി ഉണങ്ങുകയും നിറം മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അണുക്കളുടേയോ പൂപ്പലിന്റേയോ സാന്നിധ്യമില്ലെന്നും നാസ വ്യക്തമാക്കുന്നു. റൂബിയോ തന്നെ ആ തക്കാളികള്‍ അപ്പോള്‍ കഴിച്ചിട്ടുണ്ടാകാം എന്നായിരുന്നു മറ്റ് ബഹിരാകാശ യാത്രികര്‍ തമാശയായി പറഞ്ഞിരുന്നത്. എന്നാല്‍ റൂബിയോ അത് കഴിച്ചിരുന്നില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞതായും നാസ പറയുന്നു.

Two tomatoes lost in spece found, says NASA.