ടൈറ്റന്‍ പേടക ദുരന്തം സിനിമയാകുന്നു. മൈൻഡ്‌റയറ്റ് എന്റർടൈൻമെന്റാണ് ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് പോയ ടൈറ്റൻ പേടകം അപകടത്തിൽപ്പെടുന്നതും പിന്നീടുളള സംഭവങ്ങളുമായിരിക്കും ചിത്രത്തിന് ആധാരം.
ഈ വര്‍ഷം ജൂണിലാണ് അപകടമുണ്ടായത്. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡീഷൻസ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്.സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.ഇതിനുപിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കാനഡ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളാണ് തിരച്ചിലിൽ ഏർപ്പെട്ടത്. 17000 ചതുരശ്രകിലോമീറ്റർ സമുദ്ര വിസ്തൃതിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇ ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ആ ചിത്രമെന്ന് ജോനാഥൻ കേസി പറഞ്ഞു.
1985 ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അതിനുശേഷം ഇവിടെ ഒട്ടേറെ പര്യവേഷണങ്ങൾ നടക്കുന്നുണ്ട്. അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പ്രത്യേകം നിർമ്മിച്ച അന്തർവാഹിനി ഉപയോഗിച്ച് മാത്രമേ അവശിഷ്ടങ്ങൾ കിടക്കുന്ന ഇടത്തേക്ക് എത്താൻ സാധിക്കൂ.പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് അന്തർവാഹിനിയെ ടൈറ്റാനിക് കപ്പലിന്റെ അടുത്തേക്ക് എത്തിക്കുന്നത്. അതിനുശേഷം യാത്രക്കാരുമായി അന്തർവാഹിനി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് പോകും. ഏകദേശം എട്ടുമണിക്കൂറാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് പോയി മടങ്ങിവരാന്‍ വേണ്ടിവരുന്ന സമയം. എട്ടുദിവസത്തെ യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ടത് രണ്ടുകോടിയോളം (2,05,30,125) രൂപയാണ്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.