
ആറുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നാട്ടിലേക്ക് മടങ്ങി. സുപ്രധാന കരാറുകളൊന്നും ഒപ്പുവച്ചില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായി സന്ദര്‍ശനം.
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി ഉത്തര കൊറിയിയ്ക്കു പുറത്തുപോയ കിം ജോങ് ഉന്നിന് വന്‍ സ്വീകരണമാണ് റഷ്യയില്‍ ലഭിച്ചത്. ആറു ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും റഷ്യന്‍ പ്രതിരോധ മന്ത്രി അടക്കം ഉന്നതരുമായും കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തി. പുട്ടിനുമായി അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരും തമ്മില്‍ കരാറുകളൊന്നും ഒപ്പുവച്ചില്ലെന്നാണ് ക്രെംലിന്‍ അറിയിച്ചത്. എന്നാല്‍ പ്രതിരോധ മേഖലയില്‍ സഹകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. റഷ്യയിലെ സൈനിക കേന്ദ്രങ്ങളും യുദ്ധ വിമാനങ്ങളും കിം സന്ദര്‍ശിച്ചു. ഇന്നലെ ആര്‍ച്യോം നഗരത്തില്‍ ഊഷ്മള യാത്രയയപ്പാണ് കിമ്മിന് ലഭിച്ചത്. ചുവപ്പു പരവതാനിവിരിച്ച് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. ട്രെയിന്‍ കയറുന്നതിന് മുന്‍പ് ആറ് അത്യാധുനിക ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രം എന്നിവ മേഖലയിലെ ഗവര്‍ണര്‍ സമ്മാനമായി കിം ജോങ് ഉന്നിന് നല്‍കി.