ട്വിറ്ററിൻെറ സോഴ്സ് കോഡ് ചോർന്നു; പുറത്താക്കപ്പെട്ട ജീവനക്കാരനെ സംശയം

elon musk
SHARE

 ജൂനിയർ മാൻഡ്രേക് പ്രതിമയെ സന്തോഷത്തോടെ സ്വീകരിച്ച ഓമനക്കുട്ടൻെറ അവസ്ഥയിലാണ് ട്വിറ്റർ ഉടമ ഇലോൺ മസ്ക്. കമ്പനി ഏറ്റെടുത്തതിന് പിന്നാലെ 75 ശതമാനം ജീവനക്കാരെ പുറത്താക്കിയ മസ്കിന് പിന്നീടങ്ങോട്ട് പണിയോട് പണിയാണ്. 3.63 ലക്ഷം കോടി രൂപ മുടക്കി വാങ്ങിയ കമ്പനിയുടെ മൂല്യം 1.65 ലക്ഷം കോടിയായി ഇടിഞ്ഞു. സേവനങ്ങൾ മുടങ്ങുന്നത് പതിവായി. ഇപ്പോഴിതാ ട്വിറ്ററിൻെറ സോഴ്സ് കോഡ് അഥവാ അടിസ്ഥാന പ്രവർത്തന കമാൻഡുകൾ ഉൾപ്പെട്ട ടെക്സ്റ്റ് പുറത്തായി. ഒരു ടെക് കമ്പനിക്ക്, പ്രത്യേകിച്ച് ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ ഭീമന് ഇത് സങ്കീർണമായ സാങ്കേതിക, സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ട്വിറ്ററിൻെറ സുരക്ഷാ ദൌർബല്യങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ സോഴ്സ് കോഡിൽ നിന്ന് ലഭിച്ചേക്കാം. ഇത് ഹാക്കർമാരും ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന മറ്റുള്ളവരും യൂസർ ഡേറ്റ ചോർത്താൻ അടക്കം ഉപയോഗിക്കാനിടയുണ്ട്. ട്വിറ്ററിൻെറ എതിരാളികൾക്ക് അവസരവുമാകും

സോഴ്സ് കോഡ് എങ്ങനെ ചോർന്നു?

കഴിഞ്ഞ വർഷം ട്വിറ്ററിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാളാണ് സോഴ്സ് കോഡ് ലീക്ക് ചെയ്തതെന്നാണ് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിലെ അനുമാനം. ഡൌൺലോഡ് ചെയ്ത കോഡ് ഗിറ്റ്ഹബ് എന്ന സോഫ്റ്റ് വെയർ ഡവലപ്പർമാരുടെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. മാസങ്ങളോളം ഇത് ഈ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ചോർച്ച കണ്ടെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ട്വിറ്റർ ഗിറ്റ്ഹബിന് കോപ്പിറൈറ്റ് ലംഘനത്തിന് നോട്ടിസ് നൽകി. തൊട്ടുപിന്നാലെ സോഴ്സ് കോഡ് ഉൾപ്പെട്ട പോസ്റ്റ് ഗിറ്റ്ഹബ് നീക്കം ചെയ്തു. കലിഫോർണിയ കോടതിയിലാണ് ട്വിറ്റർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സോഴ്സ് കോഡ് പോസ്റ്റ് ചെയ്ത ആളുടയും ഡൌൺലോഡ് ചെയ്തവരുടെയും വിവരങ്ങൾ നൽകാൻ ഗിറ്റ്ഹബിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീഷണി എത്ര വലുതാണ്?

ട്വിറ്ററിൻെറ പ്രവർത്തനം തടസപ്പെടുത്താൻ കഴിയുന്ന വിവരങ്ങൾ സോഴ്സ് കോഡിൽ നിന്ന് ലഭിച്ചേക്കാം എന്നതുതന്നെയാണ് ഏറ്റവും വലിയ ഭീഷണി. ട്വിറ്റർ അക്കൌണ്ടുകളിൽ നിന്ന് യൂസർ ഡേറ്റ ചോർത്താൻ കഴിയും എന്നതാണ് രണ്ടാമത്തെ പ്രധാന പ്രശ്നം. ബിസിനസ് എതിരാളികൾക്ക് ട്വിറ്ററിനുമേൽ അന്യായമായ മേൽക്കൈ ലഭിക്കും എന്നതാകും മസ്കിനെ അലട്ടുന്ന പ്രധാനപ്രശ്നം. ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് എന്നായിരുന്നു ഗിറ്റ്ഹബിൽ സോഴ്സ് കോഡ് പോസ്റ്റ് ചെയ്തയാളുടെ ഐഡി. ഇലോൺ മസ്ക് ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കാറുള്ളത്. കോഡ് ചോർത്തിയ ആൾക്ക് മസ്കിൻെറ നടപടികളോടുള്ള കടുത്ത അതൃപ്തി ഇതിൽത്തന്നെ പ്രകടമാണ്.

മറ്റ് കേസുകൾ..

ടെക് ഭീമന്മാരുടെ സോഴ്സ് കോഡ് ചോർത്തൽ ആദ്യമല്ല. 2020ൽ സെൽഫ് ഡ്രൈവിങ് കാറുകളിലൂടെ പ്രശസ്തനായ എൻജിനീയർ ആന്തണി ലെവൻഡോവ്സ്ക്കിയെ ഗൂഗിളിൻെറ കോഡ് മോഷ്ടിച്ചതിന് 18 മാസം തടവിന് ശിക്ഷിച്ചിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്നീട് ലവൻഡോവ്സ്കിക്ക് മാപ്പുനൽകി. കഴിഞ്ഞ വർഷം ഒരു ഹാക്കിങ് ഗ്രൂപ്പ് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ സോഴ്സ് കോഡ് ചോർത്തിയിരുന്നു. സമാനമായ മറ്റനേകം സംഭവങ്ങൾ ടെക് ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കമ്പനികളുടെ ഓഹരി വിലയെയും മൊത്തം മൂല്യത്തെയും ബാധിക്കുകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യാൻ പോന്നതാണ്.

ട്വിറ്ററിൻെറ ഇപ്പോഴത്തെ അവസ്ഥ

ട്വിറ്ററിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അവകാശപ്പെട്ടാണ് ഇലോൺ മസ്ക് മൂന്നരലക്ഷം കോടി രൂപ മുടക്കി കമ്പനി വാങ്ങിയത്. എന്നാൽ പിന്നീടങ്ങോട്ട് കമ്പനി തകർച്ചയുടെ പുതിയ തലങ്ങളിലേക്കാണ് കൂപ്പുകുത്തിയത്. മൂല്യം പകുതിയിൽ താഴെയായി. പരസ്യം ചെയ്യുന്നവർ മടിച്ചുനിൽക്കുന്നു. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. പാപ്പരാകാതിരിക്കാൻ ഇനിയും ചെലവ് കുറയ്ക്കൽ നടപടികൾ വേണ്ടിവരുമെന്ന് ഇലോൺ മസ്ക് ജീവനക്കാർക്കയച്ച ഇ മെയിലിൽ പറയുന്നു. ട്വിറ്ററിനെ 250 ബില്യൻ ഡോളർ മൂല്യമുള്ള കമ്പനിയാക്കുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം.

ഏതായാലും സോഴ്സ് കോഡ് ചോർച്ചയുടെ യഥാർഥ പ്രത്യാഘാതങ്ങൾ അറിയാനിരിക്കുന്നതേയുള്ളു. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കമ്പനി പൂട്ടിക്കുകയാണോ മസ്കിൻെറ ലക്ഷ്യം എന്നുപോലും സംശയിക്കുന്നവർ ട്വിറ്ററിലുണ്ട്. മസ്കിൻെറ ഉള്ളിലെന്താണെന്ന് മസ്കിന് മാത്രമേ അറിയൂ.

MORE IN WORLD
SHOW MORE