തൊടുത്താല്‍ 33–ാം മിനിറ്റില്‍ അമേരിക്കയില്‍; മാരക ആണവ മിസൈലുമായി ഉത്തര കൊറിയ

northkoreamissile-15
ചിത്രം: ഗൂഗിള്‍
SHARE

ആകാശ മാര്‍ഗം അമേരിക്കയില്‍ നിന്ന് ഉത്തര കൊറിയയില്‍ എത്തണമെങ്കില്‍ വേണ്ടിവരിക 13 മണിക്കൂര്‍ 16 മിനിറ്റാണ്. എന്നാല്‍ ഉത്തരകൊറിയ വികസിപ്പിച്ച അത്യാധുനിക ആണവ മിസൈലായ ഹ്വാസങ്–15 ന് വെറും 33 മിനിറ്റില്‍ അമേരിക്കയില്‍ പതിക്കാനാകുമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ചൈനീസ് പഠനം പുറത്ത് വിടുന്നത്. ഉത്തരകൊറിയ യുഎസില്‍ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെ കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഉത്തരകൊറിയ തൊടുക്കുന്ന ഭൂഖണ്ഡാന്തര മിസൈലിനെ തകര്‍ക്കാന്‍ അമേരിക്കയുടെ പ്രതിരോധത്തിനായില്ലെങ്കില്‍ വെറും അരമണിക്കൂറിനുള്ളില്‍ അമേരിക്കയിലെ തന്ത്രപ്രധാന ഭാഗത്ത് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാരക പ്രഹരശേഷിയാണ് ഇതിനുള്ളതെന്നും പടിഞ്ഞാറന്‍ തീരം വഴിയും കിഴക്കന്‍ തീരം വഴിയും ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

13,000 കിലോമീറ്ററാണ് ഹ്വാസങിന്റെ പരിധി. മധ്യ ഉത്തരകൊറിയയില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചാല്‍ 20 സെക്കന്റിന് ശേഷമേ യുഎസ് മിസൈല്‍ പ്രതിരോധ കേന്ദ്രത്തില്‍ മുന്നറിയിപ്പെത്തുകയുള്ളൂ. വിവരം ലഭിച്ച് ആദ്യ 11 മിനിറ്റിനുള്ളില്‍ അലാസ്കയിലെ ഫോര്‍ട്ട് ഗ്രീലിയില്‍ നിന്ന് ആദ്യ മിസൈല്‍ വേധ മിസൈല്‍ പുറപ്പെടും. അത് പരാജയപ്പെട്ടാല്‍ കലിഫോര്‍ണിയയില്‍ നിന്ന് അടുത്ത മിസൈല്‍ വേധ മിസൈല്‍ പുറപ്പെടും. ഇതും പരാജയപ്പെട്ടാല്‍ ഉത്തരകൊറിയന്‍ മിസൈല്‍ അമേരിക്കയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 മിസൈല്‍ വേധത്തില്‍ അമേരിക്കന്‍ സംവിധാനത്തില്‍ നിലവില്‍ പാളിച്ചയുണ്ടെന്നും, ആ ദൗര്‍ബല്യം ശത്രുരാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിസൈല്‍വേധത്തില്‍ അമേരിക്കന്‍ സംവിധാനം അടുത്തയിടെ നടത്തിയ പരീക്ഷണത്തിലും പരാജയപ്പെട്ടത്  ചൈനീസ് ശാസ്ത്രജ്ഞന്‍മാരുടെ വാദം ശരിവയ്ക്കുന്നുണ്ട്. ഉത്തരകൊറിയ ആണവ മിസൈല്‍ അയച്ചാല്‍ തടുക്കാന്‍ തങ്ങളുടെ സംവിധാനത്തിന് കഴിഞ്ഞേക്കില്ലെന്ന പ്രൊഫസര്‍ ഫ്രെഡറിക് ലാംബിന്റെ വെളിപ്പെടുത്തലും പ്രതിരോധത്തിലെ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. 

Nuclear missile fired from North Korea could hit US in 33 minutes, says Chinese study

MORE IN WORLD
SHOW MORE