യുഎസ് ജനപ്രതിനിധി സഭ: മക്കാർത്തി സ്പീക്കറായില്ല

യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആറാംവട്ടവും പരാജയപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് യുഎസ് ജനപ്രതിനിധി സഭ സ്പീക്കറെ തിരഞ്ഞെടുക്കാനാകാതെ പിരിയുന്നത്. 

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഐക്യത്തോടെ ഒരു സ്പീക്കറെ തിരഞ്ഞെടുക്കാനാവുനിന്നില്ല എന്ന പ്രതിസന്ധിയിലും നാണക്കേടിലുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയിലെ കടുത്ത യാഥാസ്ഥിതി വാദികളായ 20 അംഗങ്ങളുടെ എതിര്‍പ്പാണ് മക്കാര്‍ത്തിക്ക് തിരിച്ചടിയാകുന്നത്. ക്യാപിറ്റോള്‍ ആക്രമണ സമയത്ത് ട്രംപിനെ കുറ്റപ്പെടുത്തി സംസാരിച്ചതിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ പ്രതിസന്ധിയില്‍ ട്രംപ്  ആദ്യം മൗനം പാലിച്ചു.  ഒടുവില്‍  ‘vote for Kevin, close the deal, take the victory’ എന്ന്  ട്വീറ്റ് ചെയ്തു. എന്നിട്ടും പാര്‍ട്ടിയിലെ മക്കാര്‍ത്തി വിരുദ്ധര്‍ അയയുന്ന മട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന കോവിഡ് കണക്കുകളുമുള്ള യുഎസിന് സുപ്രധാനമായ ബില്ലുകള്‍ പാസാക്കണമെങ്കില്‍ ജനപ്രതിനിധി സഭ ചേരണം. സ്പീക്കറെ തിരഞ്ഞെടുക്കാനായില്ലെങ്കില്‍ സഭയുടെ പ്രവര്‍ത്തനം നിശ്ചലമാവും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ നടത്താനുമാവില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി കലഹത്തില്‍ സന്തോഷത്തിലാണ് ‍ഡെമോക്രാറ്റുകള്‍. അമേരിക്കയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്ന സമീപനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. നൂറു വര്‍ഷം മുന്‍പ് 1923 ലാണ് സമാനമായ സാഹചര്യത്തിലൂടെ യുഎസ് ജനപ്രതിനിധിസഭ കടന്നുപോകുന്നത്. അന്ന് 9റൗണ്ട് നീണ്ട വോട്ടെടുപ്പിനൊടുവിലാണ് ഫ്രഡറിക് എച്ച്. ഗില്ലറ്റ് സ്പീക്കറായത്. മക്കാര്‍ത്തിയുടെ സമവായ ചര്‍ച്ചകള്‍ ഫലം കാണുമോ  അതോ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.