ജർമന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊലീസ് തകര്‍ത്തു

ജർമനിയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തകർത്തു. അട്ടിമറിക്കു നീക്കം നടത്തിയ 25 തീവ്രവലതുപക്ഷ അംഗങ്ങള്‍ പിടിയിലായി. ഭീകര വിരുദ്ധ നടപടിയെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചത്. 

രാജ്യവ്യാപകമായി 130 കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് ഒരു റഷ്യക്കാരനടക്കം മൂന്നു വിദേശികൾ ഉൾപ്പെടെയുള്ളവര്‍ പിടിയിലായത്.  സംഘത്തില്‍ ജര്‍മനിയിലെ മുന്‍ രാജകുടുംബാംഗവും, മുന്‍ പാര്‍ലമെന്‍റ് അംഗവും അടക്കമുളളവരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ കിഴക്കന്‍ ജര്‍മനിയിലെ രാജകുടുംബാംഗമായിരുന്ന ഹെന്‍‌റിച്ച് എന്നയാളാണ് മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെന്‍‌റിച്ചിന്‍റെ വസതിയായിരുന്നു ഗൂഢാലോചനയുടെ കേന്ദ്രമെന്ന് ജര്‍മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജർമൻ  ഭരണഘടനയെ നിരാകരിക്കുന്ന, റയ്ക്ക് സിറ്റിസൺസ് എന്ന തീവ്രവാദ സംഘടനയാണ് അട്ടിമറി നീക്കത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മുന്‍ സൈനികര്‍ ഉള്‍പ്പെട്ട സംഘം പാർലമെന്റിലേക്ക് സായുധ ആക്രമണമടക്കം ലക്ഷ്യമിട്ടിരുന്നതായും സര്‍ക്കാര്‍ പറയുന്നു.  നിലവിലെ സർക്കാരിനെ അട്ടിമറിച്ച് 1871 ലെ ജർമൻ സാമ്രാജ്യ മാതൃകയിൽ സർക്കാരുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.