നൈജീരിയയ്ക്കു കൈമാറും,വിചാരണ നടത്തും; നേവിയും മാധ്യമങ്ങളും; ആശങ്ക

കടപ്പാട്; ലീഡര്‍ഷിപ്പ്

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നൈജീരിയൻ നാവികസേനയുടെ പിടിയിലായ മലയാളികൾ അടക്കമുള്ളവർ ഇപ്പോൾ തടവുകേന്ദ്രത്തിലാണ്. എല്ലാവരുടെയും പാസ്പോർട്ടുകൾ പിടിച്ചെടുത്തതോടെ തടവുകാരെ നൈജീരിയയ്ക്കു കൈമാറുമെന്ന കടുത്ത ആശങ്കയിലുംഅനിശ്ചിതത്വത്തിലുമാണിവർ. അതിനിടെ നൈജീരിയൻ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ‘എംടി ഹെറോയിക് ഇഡിൻ’ എന്ന കപ്പൽ ജീവനക്കാരെ നൈജിരിയയ്ക്കു കൈമാറി വിചാരണ ചെയ്യുമെന്നാണ് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 ഓഗസ്റ്റ് 12നാണ് നൈജീരിയൻ നാവികസേന ‘ഹെറോയിക് ഇഡിൻ’എന്ന കപ്പൽ ജീവനക്കാരെ പിടികൂടിയത്.നാവികസേനയുടെ നിർദേശങ്ങൾ അനുസരിക്കാത്തതിനെത്തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് നൈജീരിയ വ്യക്തമാക്കുന്നത്. അതിർത്തി ലംഘിച്ച കപ്പലിനോട് ബോനി ആൻങ്കൊറേജ് പോർട്ടില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെ മറ്റു സബ് ഏജൻസികളുടെ സഹായത്തോടെ ഗൾഫ് ഓഫ് ഗിനിയ മേഖലയിൽ നിന്നും പിടികൂടുകയായിരുന്നു. കപ്പൽ ക്യാപ്റ്റൻ നാവികസേനയുമായി സഹകരിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നതെന്ന് നേവി ഹെഡ്ക്വാർട്ടേഴ്സ് പോളിസി ആന്റ് പ്ലാൻ ചീഫ് റിയർ അഡ്മിറൽ സേയ്ദ് ഗാർെബ പറഞ്ഞു. 

ഓഗസ്റ്റ് 7നാണ് എംടി ഹെറോയിക് ഇഡിൻ നൈജീരിയയുടെ കണ്ണിൽപ്പെട്ടത്. അനുമതിയോ മറ്റു രേഖകളോ ഇല്ലാതെ നൈജീരിയ്ൻ സമുദ്രാതിർത്തിയിലേക്ക് വലിയൊരു കപ്പല്‍ പ്രവേശിച്ചെന്ന് നാവികസേനയ്ക്കു വിവരം ലഭിച്ചു.

നൈജീരിയൻ മാധ്യമങ്ങളിലൂടെ നാവികസേന നിലപാട് വ്യക്തമാക്കിയതോടെ തടവിലാക്കപ്പെട്ടവരുടെ ആശങ്ക ഏറുകയാണ്. നൈജീരിയയ്ക്കു കൈമാറിക്കഴിഞ്ഞാൽ പിന്നീടുള്ള കേസും വിചാരണയും അതിസങ്കീർണമായേക്കും. ഏതെങ്കിലും ഒരു രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ കയറിയെങ്കിൽ‍ അവരുടെ നിയമം അനുസരിച്ച് ഏത് കുറ്റങ്ങളും തടവിലാക്കപ്പെട്ടവര്‍ക്കു മേൽ ചാർത്തി നൽകാം..നിയമത്തിന്റെയും കുറ്റങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ കാര്യങ്ങൾ തീരുമാനിക്കപ്പെടുക. പൊതുവെ കരിനിയമങ്ങൾക്ക് പേരുകേട്ട നാടാണ് നൈജീരിയ. ജീവിക്കാൻ ഏറ്റവും മോശം സാഹചര്യമുള്ള നാടും.  പട്ടിണിയും ദാരിദ്ര്യവും ചൂഷണവും സാമൂഹിക അസമത്വങ്ങളും ബാലവിവാഹവും അങ്ങനെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാട് കൂടിയായ നാട്ടിൽ വിചാരണ നേരിടേണ്ടി വന്നാൽ അതുണ്ടായേക്കാവുന്ന വിഷമതകൾ ഏറെയാണ്.