അന്ന് അലറിക്കരഞ്ഞോടി; നോവുകടല്‍ താണ്ടി അവസാന ശസ്ത്രക്രിയയും പൂർണം

വിയറ്റ്നാം യുദ്ധകാലത്ത് ബോംബിങ്ങില്‍ ഉടുതുണിയെല്ലാം കത്തിക്കരിഞ്ഞ്, നഗ്നദേഹവുമായി അലറിക്കരഞ്ഞോടുന്ന 9 വയസുകാരിയുെട ഫോട്ടോ ചരിത്രമാണ്. 1972ലെ വിയറ്റ്നാം യുദ്ധത്തിന്റെ കെടുതി ലോകമനസാക്ഷിക്കുള്ളിലേക്ക് പതിപ്പിച്ച ആ ഫ്രെയിമിനുള്ളിലെ പെൺകുട്ടിയുടെ പേരാണ് കിം ഫുക് ഫാൻ ടി. 

വര്‍ഷങ്ങൾക്കു ശേഷം 59ാം വയസ്സിൽ  കിം വീണ്ടും വാർത്തകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. നാപാം പെൺകുട്ടി എന്നു വിളിക്കപ്പെടുന്ന കിമ്മിന്റെ ശരീരത്തിലെ അവസാന ശസ്ത്രക്രിയയും പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.  ബോംബ് വർഷിച്ച അതേ രാജ്യത്ത് തന്നെയാണ് കിം ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ബോംബിങ്ങിൽ മുറിവേറ്റതിനു പിന്നാലെ ഒരു വർഷത്തോളം ആശുപത്രിയിൽ കഴിഞ്ഞ കിമ്മിന് കൈകാലുകൾ ചലിപ്പിക്കാൻ പോലും ശസ്ത്രക്രിയ വേണ്ടി വന്നു. 17 ശസ്ത്രക്രിയകൾ ഇതുവരെ നടത്തി.യുദ്ധം സംഹാരതാണ്ഡവം നടത്തുമ്പോൾ 1972 ജൂൺ 8ന്, ദക്ഷിണ വിയറ്റ്നാം വർഷിച്ച ഒരു നാപാം ബോംബ് താഴെ പതിച്ച് അഗ്നിപ്രളയം ഉണ്ടാക്കി. ഗ്രാമവാസികൾ പ്രാണരക്ഷാർഥം ഇറങ്ങി ഓടി. ഇട്ടിരുന്ന ഉടുപ്പിനു തീ പിടിച്ച്, പുറമെല്ലാം പൊള്ളി കഴുത്തും കൈകളും വെന്ത്, വേഷമെല്ലാം വലിച്ചൂരിയശേഷം, ദുസ്സഹമായ വേദനയോടും മരണഭീതിയോടും നഗ്‌നയായി ഓടുന്ന കിമ്മിന്റെ ചിത്രം ഒരു വാർത്താ ചിത്രം എന്നതിലപ്പുറം യുദ്ധത്തിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടാനും അങ്ങനെ യുദ്ധം അവസാനിക്കാനും ഇടവരുത്തിയിരുന്നു.